സംസ്ഥാന പുരോഗതിക്ക് മൂന്നാം നൂറുദിന കര്‍മ്മപരിപാടികള്‍

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാം കര്‍മ്മദിന പരിപാടികള്‍ ഫെബ്രുവരി 10 മുതല്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 100 ദിനം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ഭാഗമായി 15,896.03 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കും. ആകെ 1284 പ്രോജക്റ്റുകള്‍ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപനത്തോടുകൂടിയാണ് നൂറുദിന പരിപാടിയുടെ സംസ്ഥാനതല
ഉദ്ഘാടനം നടത്തുന്നത്. കൂടാതെ ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരണം കര്‍മ്മപരിപാടിയുടെ ഭാഗമായി നടക്കും. മെയ് 17 ന് കുടുംബശ്രീ സ്ഥാപക ദിനത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കും. വ്യവസായ വകുപ്പിന്റെ പദ്ധതിയായ  ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സജ്ജമാക്കും. വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങള്‍ പരിപാടിയുടെ ഭാഗമായുള്ള വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രണ്ട് നൂറുദിന കര്‍മ്മപരിപാടികളാണ്  ഒന്നേ മുക്കാല്‍ വര്‍ഷത്തിനിടയില്‍  സംസ്ഥാനത്ത്  പൂര്‍ത്തിയാക്കിയത്. പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്ഥായിയായ  വികസന മാതൃക യാഥാര്‍ത്ഥ്യമാക്കാനാണ് കര്‍മ്മപരിപാടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ നൂറുദിന പരിപാടിയാണിത്. ആദ്യ നൂറുദിന പരിപാടി 2021 ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെ നടപ്പാക്കിയിരുന്നു. അന്ന് നൂറ് പരിപാടികളാണ് നടപ്പിലാക്കിയത്. രണ്ടാം നൂറുദിന പരിപാടി 2022 ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയാണ് നടപ്പാക്കിയത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഈ നൂറുദിന പരിപാടിയില്‍ 1,557 പദ്ധതികള്‍ നടപ്പിലാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News