പെന്‍ഷന്‍ അട്ടിമറി; ഫ്രാന്‍സില്‍ പ്രതിഷേധം രൂക്ഷം

ഫ്രഞ്ച് സര്‍ക്കാര്‍ പെന്‍ഷന്‍ സംവിധാനം അട്ടിമറിച്ചെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകളുടെ പ്രതിഷേധം രൂക്ഷമായി. പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന പണിമുടക്കില്‍ രാജ്യത്തെ പൊതുഗതാഗത, സ്‌കൂള്‍, വൈദ്യുത, എണ്ണ- ഗ്യാസ് വിതരണ മേഖലകള്‍ സ്തംഭിച്ചു. രാജ്യത്തെ എട്ട് പ്രധാന തൊഴില്‍ സംഘടനകളാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുത്തതോടെ തൊഴില്‍ സംഘടനകള്‍ മൂന്നാംവട്ട ദേശീയ പണിമുടക്കിലേക്ക് കടന്നു. കഴിഞ്ഞയാഴ്ചത്തെ പ്രതിഷേധത്തില്‍ 12.7 ലക്ഷം തൊഴിലാളികള്‍ പങ്കെടുത്തിരുന്നു. റെയില്‍ തൊഴിലാളികള്‍ വ്യാപകമായി പണിമുടക്കിയതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. ബ്രിട്ടനിലേക്കും സ്വിറ്റ്സര്‍ലന്‍ഡിലേക്കുമുള്ള സര്‍വീസുകളെയും പാരിസ് മെട്രോ സര്‍വീസിനെയും സമരം സാരമായി ബാധിച്ചു. ബില്ലില്‍ ചൂടുപിടിച്ച ചര്‍ച്ചകളാണ് പാര്‍ലമെന്റില്‍ നടന്നത്. ഒറ്റ ദിവസംകൊണ്ട് 20,000ലധികം ഭേദഗതി നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. ഇടതുപക്ഷ മുന്നണിയായ ന്യൂപ്സാണ് കൂടുതല്‍ ഭേദഗതികള്‍ നിര്‍ദേശിച്ചത്.

2030ഓടെ വിരമിക്കല്‍ പ്രായം 62ല്‍നിന്ന് 64 ആക്കുന്നതാണ് പുതിയ ബില്‍. സര്‍വീസില്‍ 43 വര്‍ഷം പൂര്‍ത്തിയായവര്‍ക്കുമാത്രം പൂര്‍ണ പെന്‍ഷന്‍ എന്നതുള്‍പ്പെടെയുള്ള തൊഴിലാളിവിരുദ്ധ നിര്‍ദേശങ്ങളാണ് ജീവനക്കാരുടെ അമര്‍ഷം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News