ഹിന്ദുക്കള്‍ പശുവിനെ ആരാധിച്ച് ശൗര്യം നഷ്ടപ്പെടുത്തരുത്; സവര്‍ക്കറുടെ ലേഖനം ചര്‍ച്ചയാകുന്നു

വാലന്റൈന്‍സ് ദിനത്തില്‍ പശുക്കളെ ആലിംഗനം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയാണ് ബിജെപി സര്‍ക്കാര്‍. എന്നാല്‍, ഗോപൂജയെ എതിര്‍ത്തുകൊണ്ട് വി ഡി സവര്‍ക്കര്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹിന്ദുക്കള്‍ പശുവിനെ ആരാധിച്ച് ശൗര്യം നഷ്ടപ്പെടുത്തരുതെന്നും പകരം നരസിംഹമായാണ് മാറേണ്ടതെന്നുമാണ് സവര്‍ക്കറുടെ പക്ഷം.

തങ്ങളുടെ ആശയ സാക്ഷാത്കാരത്തിനായി ആര്‍എസ്എസും ബിജെപിയും കുറച്ച് വര്‍ഷങ്ങളായി പശുവിനെയാണ് കൂട്ടുപിടിച്ചിട്ടുള്ളത്. പശുവിനെ കൊന്നു എന്ന് ആരോപിച്ച് മനുഷ്യനെ തല്ലിക്കൊല്ലുന്നവര്‍ക്കൊപ്പമാണ് തങ്ങളെന്നാണ് സംഘപരിവാര്‍ നേതാക്കളുടെ പക്ഷം. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്ത നിലപാടാണ് ഇന്നത്തെ നേതാക്കളുടെ മാതൃകയും ഹിന്ദുത്വത്തിന്റെ പിതാവുമായ വി ഡി സവര്‍ക്കര്‍ക്കുണ്ടായിരുന്നത്.

ഓണ്‍ കൗ പ്രൊട്ടക്ഷന്‍: ദ ബൊവൈന്‍ ഇസ് നോട്ട്‌ ഡിവൈന്‍ എന്ന ലേഖനത്തിലാണ് സവര്‍ക്കറുടെ പശുപ്പരിഹാസം. വാലന്റൈന്‍സ് ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യാന്‍ കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡ് നിര്‍ദേശിക്കുമ്പോള്‍ സവര്‍ക്കറുടെ ഈ ലേഖനവും ചര്‍ച്ചയാകുകയാണ്.

ഗോമൂത്രവും ചാണകവും വിശുദ്ധമാണെന്ന് കരുതുന്നതിനെ ലേഖനത്തില്‍ സവര്‍ക്കര്‍ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. മാലിന്യങ്ങള്‍ ഭക്ഷിക്കുകയും ചാണകമിട്ട് വൃത്തികേടാക്കുകയും ചെയ്യുന്ന പശുവിനെ ആരാധിക്കുന്നത് ശരിയല്ല. പട്ടിയാണ് മനുഷ്യരെ ഏറ്റവും വിശ്വസ്തതയോടെ സേവിക്കുന്നത്. പാലു തരുന്നു എന്ന ഒറ്റക്കാരണത്തില്‍ പശുവിനെ ആരാധിക്കുന്ന ഹിന്ദുക്കള്‍ പട്ടിയേയും ആരാധിക്കേണ്ടതാണെന്ന് സവര്‍ക്കര്‍ പരിഹാസത്തോടെ എഴുതുന്നു.

പശു സസ്യാഹാരി ആയതുകൊണ്ടും അഹിംസയുടെ പ്രതീകമാണെന്ന് കരുതിയുമാണ് സവര്‍ക്കര്‍ ഗോപൂജയെ പരിഹസിക്കുന്നത്. ഹിന്ദുക്കള്‍ പശുവായല്ല, നരസിംഹമായാണ് മാറേണ്ടതെന്നാണ് സവര്‍ക്കറുടെ ഉപദേശം. എന്നാല്‍, പശു ഹിംസയുടെ ഉപകരണമായി മാറുമ്പോള്‍ പശു ആരാധനയെ ശെരി വയ്ക്കുന്നതാണ് ഇന്നത്തെ ഹിന്ദുത്വ അടവുനയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here