മുതിര്‍ന്ന സി പി ഐ (എം) നേതാവും മുന്‍ എം എല്‍ എ യുമായ സി പി കുഞ്ഞു
(93) അന്തരിച്ചു. കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിന്റെ പിതാവാണ്.
1987 മുതൽ 1991 വരെ കോഴിക്കോട് രണ്ടിൽ നിന്ന് എട്ടാം നിയമസഭയിൽ അംഗമായിരുന്നു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ, സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം, വഖഫ് ബോർഡ് അംഗം, കെഎസ്ഇബി കൺസെൾറ്റീവ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.1930 ജൂൺ 30ന് കുഞ്ഞലവി ഹാജി- ഫാത്തിമ ദമ്പതികളുടെ മകനായാണ് ജനനം. ഭാര്യ: എം എം ഖദീശാബി. മറ്റുമക്കൾ: അബ്‌ദുൾ അസീസ്, അബ്‌ദുൾ നാസർ, സൈനബ, ഫൗസിയ, ഫൈസൽ, സലീന. മരുമക്കൾ: വി അബ്‌ദുൾ നാസർ, സക്കീർ അലി, എം എം സലിത, പി എം യാസ്‌മിൻ, സീനത്ത്, ജൗഹറ.
മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമായിരുന്ന കോഴിക്കോട് രണ്ടിൽ വൻ വിജയം നേടിയാണ് 1987ൽ സി പി കുഞ്ഞ് ആദ്യമായി നിയമസഭയിലെത്തുന്നത്. തെരഞ്ഞെടുപ്പ് വേദിയിലെ മികച്ച പ്രാസംഗികനായിരുന്നു. സംസ്ഥാന–ദേശീയ രാഷ്ട്രീയ ഗതിവിഗതികളെ നർമം കലർത്തി സംസാരിക്കാനുള്ള കഴിവ് അദ്ദേഹത്തെ ജനപ്രിയനാക്കി.
ഇടിയങ്ങരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ നേതാക്കളായ ടി പി ദാസൻ, എം മെഹബൂബ്, മാമ്പറ്റ ശ്രീധരൻ, കെ കെ മുഹമ്മദ്,ബാബു പറശേരി, എൽ രമേശൻ തുടങ്ങിയവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. വൈകിട്ട് 4.30 മുതൽ ആറുവരെ കൊഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. രാത്രി എട്ടിന് കണ്ണങ്കര പള്ളി ഖബറിടത്തിൽ സംസ്‌കരിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here