ഇത് ചരിത്രം, വിജയം; എസ്എസ്എല്‍വി-ഡി 2വിന് വിജയക്കുതിപ്പ്

ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വി-ഡി 2വിന്റെ ( സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) രണ്ടാം വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ പ്രൈമറി ലോഞ്ച് സൈറ്റില്‍ നിന്ന് രാവിലെ 9.18നാണ് എസ്എസ്എല്‍വി-ഡി 2 വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തില്‍ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചത്.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് -07, അമേരിക്കന്‍ ഉപഗ്രഹം ജാനസ് 1, ‘സ്‌പേസ് കിഡ്‌സ് ഇന്ത്യ’ വിദ്യാര്‍ഥി സംഘം നിര്‍മിച്ച ഉപഗ്രഹം ‘ആസാദിസാറ്റ്2’ എന്നീ മൂന്ന് ഉപഗ്രഹങ്ങളെ എസ്എസ്എല്‍വി ലക്ഷ്യസ്ഥാനത്തെത്തിച്ചു. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാന്‍ എസ്എസ്എല്‍വിക്ക് സാധിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ 75 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള 750 പെണ്‍കുട്ടികളുടെ കൂട്ടായ്മയിലാണ് ആസാദിസാറ്റ്2 നിര്‍മിച്ചത് എന്ന മറ്റൊരു പ്രത്യേകത കൂടി എസ്എസ്എല്‍വി-ഡി 2വിനുണ്ട്. രാജ്യത്തിന്റെ അഭിമാനമായ പിഎസ്എല്‍വിയുടെ ചെറു പതിപ്പാണ് എസ്എസ്എല്‍വി. ദൗത്യം വിജയിച്ചതോടെ വാണിജ്യ വിക്ഷേപണ രംഗത്ത് ഇസ്രോയ്ക്ക് എസ്എസ്എല്‍വി പുതിയ മുതല്‍ക്കൂട്ടാകും.

എസ്എസ്എല്‍വികൂടി വന്നതോടുകൂടി പി.എസ്.എല്‍.വി.യും ജി.എസ്.എല്‍.വി.യുമുള്‍പ്പെടെ ഐ.എസ്.ആര്‍.ഒ.യുടെ വിക്ഷേപണവാഹനങ്ങളുടെ എണ്ണം മൂന്നായി. 56 കോടി രൂപയാണ് നിര്‍മാണച്ചെലവ്. നിര്‍മാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന എസ്.എസ്.എല്‍.വി.യുടെ സവിശേഷത.

അതേസമയം 2022 ആഗസ്റ്റ് ഏഴിന് നടന്ന എസ്.എസ്.എല്‍.വിയുടെ ആദ്യ ദൗത്യം പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങള്‍ വിജയകരമായിരുന്നു. എന്നാല്‍ പിന്നീട് സിഗ്നല്‍ നഷ്ടപ്പെട്ടതോടെ ദൗത്യം പരാജയപ്പെടുകയായിരുന്നു. ഇത്തവണ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News