സിഎജി റിപ്പോര്‍ട്ടിലുള്ളത് 50 വര്‍ഷത്തെ കണക്ക്, നികുതിവരുമാനം 2600 കോടി വര്‍ധിച്ചത് ചെറിയ കാര്യമല്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

നികുതി വരുമാനവുമായി ബന്ധപ്പെട്ട് സിഎജി വെച്ച റിപ്പോര്‍ട്ടിലുള്ളത് 50 വര്‍ഷക്കാലത്തെ കുടിശ്ശികയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അതില്‍ ആള് മരിച്ചുപോയതും, ജപ്തി നടപടി നേരിടുന്നതും കേസില്‍ കിടക്കുന്നതുമായ കാര്യങ്ങളുണ്ട്. അതടക്കം പിരിച്ചെടുക്കുവാനുള്ള ശ്രമം തുടരും. സിഎജി റിപ്പോര്‍ട്ട് നിയമസഭ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കട്ടെയെന്നും ബാലഗോപാല്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ താത്പര്യത്തിന് വേണ്ടി അങ്ങേയറ്റം സജീവമായ എല്ലാ പ്രവര്‍ത്തനവും നടത്താന്‍ സര്‍ക്കാരും വ്യക്തിപരമായി താനും ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 2600 കോടി രൂപ 2021ല്‍ നിന്ന് ഇതുവരെ തനത് നികുതി വര്‍ധിപ്പിച്ചിട്ടുണ്ട് എന്നത് ചെറിയ കാര്യമല്ല. ഇന്ത്യയെ മൊത്തം കൊവിഡ് ബാധിച്ചപ്പോള്‍ കൊവിഡും 2 പ്രളയവും, നിപാ, ഓഖി എന്നിവയെയും മറികടന്നാണ് സംസ്ഥാനം ഈ നേട്ടമുണ്ടാക്കിയത്. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നുണ്ട്. സാമൂഹ്യ ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പണം ആവശ്യമാണ്. കേന്ദ്രം സാമ്പത്തികമായി നമ്മളെ ബുദ്ധിമുട്ടിക്കുന്നു. ആ സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും 2 രൂപ സെസ് ഏര്‍പ്പെടുത്തുന്നത്. നിലവില്‍ 20 രൂപ കേന്ദ്രവും പിരിക്കുന്നുണ്ടല്ലോ. 2015-16 ലെ ബജറ്റില്‍ ഒരു രൂപ സെസ് വാങ്ങാന്‍ നിര്‍ദേശം ഉണ്ടായിരുന്നു. കൂടാതെ അരിക്ക് ഒരു ശതമാനം, ആട്ട, മൈദ എന്നിവയ്ക്ക് 5 ശതമാനവും നികുതി ഏര്‍പ്പെടുത്തിയില്ലേയെന്നും ബാലഗോപാല്‍ ചോദിച്ചു.

ജനം എല്ലാം മനസിലാക്കുന്നുണ്ട്. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്നതടക്കം അവര്‍ മനസിലാക്കുന്നു. അതുകൊണ്ടല്ലെ മാധ്യമങ്ങള്‍ ഇതേകുറിച്ച് ചോദിക്കുമ്പോള്‍ കേരളത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം വേണ്ടേ എന്നവര്‍ തിരിച്ചു ചോദിക്കുന്നത്. കേന്ദ്രബജറ്റ് തൊഴിലുറപ്പ്, ഭക്ഷ്യസബ്സിഡി, വളം സബ്സിഡി എന്നിങ്ങനെ പലതും വെട്ടിക്കുറച്ചു. എന്നാല്‍ സംസ്ഥാനം അങ്ങനെ ഒരു കുറവും വരുത്തിയിട്ടില്ല. കേരളത്തിന് അവകാശപ്പെട്ടതുപോലും നല്‍കാതെ കേരളത്തെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര നയമടക്കം ചര്‍ച്ചയാകണം എന്നുദ്ദേശിച്ചുതന്നെയാണ് ഇക്കാര്യങ്ങള്‍ നിയമസഭയിലും മാധ്യമങ്ങളോടും പറയുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News