‘ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നു, വോട്ട് ചോദിച്ച് ഇങ്ങോട്ട് വരേണ്ട’: തുര്‍ക്കിയില്‍ ഭൂകമ്പത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ ജനം

തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ വോട്ടര്‍മാരുടെ രോഷം നേരിട്ട് പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. തുര്‍ക്കിയിലെ ഭൂകമ്പ ബാധിത മേഖലയായ ഹകന്‍ തന്‍രിവര്‍ദി സന്ദര്‍ശിക്കുന്നതിനിടെ ആയിരുന്നു എര്‍ദോഗനെതിരെ ജനങ്ങളുടെ പ്രതികരണം.

‘വോട്ട് ചോദിച്ച് ഇവിടെ വരരുത്… ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നുവെന്നായിരുന്നു ജനങ്ങള്‍ പ്രതികരിച്ചത്. 2023 മെയ് 14 നാണ് തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ആണ് 21,000-ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഭൂകമ്പം തുര്‍ക്കിയെ പിടിച്ചുകുലുക്കുന്നത്. എന്നാല്‍ തീരുമാനിച്ച സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടക്കുമോ എന്നത് കണ്ടറിയണം. കഴിഞ്ഞ വര്‍ഷം മുതലുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് തുര്‍ക്കിയില്‍ ഭൂകമ്പമുണ്ടാകുന്നത്.

ഭൂകമ്പബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം രക്ഷാപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിരുന്നുവെന്ന് പ്രസിഡന്റ് തുറന്ന് സമ്മതിച്ചിരുന്നു. ഇത്തരമൊരു ദുരന്തം അപ്രതീക്ഷിതമായിരുന്നെന്നും തയ്യാറാവുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആദ്യ ഘട്ടത്തിലെ വീഴ്ചക്ക് ശേഷം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഭൂകമ്പം കാര്യമായി ബാധിച്ച 10 പ്രവിശ്യകളില്‍ എര്‍ദോഗന്‍ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ പ്രദേശം ഇപ്പോഴും മരിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്, പലരും തെരുവുകളിലും സ്‌കൂളുകളിലും പള്ളികളിലുമായി താമസിക്കുകയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിച്ചിരുന്നു. ഇരുരാജ്യങ്ങളിലുമായി 2.3 കോടി പേര്‍ ദുരിതബാധിതരായെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

സിറിയയില്‍ 3500-ലേറെ പേര്‍ മരിച്ചതായും 5000 പേര്‍ക്ക് പരുക്കേറ്റതായുമാണ് ഔദ്യോഗികകണക്കുകള്‍. സിറിയ അലപ്പോയില്‍ മാത്രം 1,00,000 ആളുകള്‍ക്ക് വീട് നഷ്ടമായി അവരില്‍ 30,000 പേര്‍ നിലവില്‍ സ്‌കൂളുകളിലും പള്ളികളിലും അഭയം തേടിയിരിക്കുന്നത്.

നിലംപതിച്ച ബഹുനിലക്കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ വൈകുന്നത് ഇടയില്‍ പെട്ടുപോയ ആളുകളെ രക്ഷിക്കാന്‍ വൈകുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. മഞ്ഞുവീഴ്ചയെ വകവെക്കാതെ ഉറ്റവരെ സ്വന്തംനിലയ്ക്ക് തിരയുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News