വിവാദ ഐടി നിയമ ഭേദഗതി: ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മുന്നില്‍ ഒഴിഞ്ഞുമാറി കേന്ദ്രം

വ്യാജവാര്‍ത്തകളുടെ നിര്‍ണ്ണയാവകാശം കേന്ദ്ര സര്‍ക്കാരിലേക്ക് മാത്രം ചുരുക്കുന്ന ഐടി നിയമ ഭേദഗതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ ഉത്തരമില്ല. ഒരു അടിസ്ഥാനവുമില്ലാതെ വ്യാജവാര്‍ത്തകള്‍ എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ചൂണ്ടിക്കാണിക്കുന്ന വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളോട് നിര്‍ദ്ദേശിക്കുന്ന അധികാരം നല്‍കുന്ന നിയമത്തിലെ വിവാദ ഭേദഗതി നീക്കവുമായി ബന്ധപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് കേന്ദ്രം ഒഴിഞ്ഞുമാറിയത്.

വ്യാജ വാര്‍ത്തകളായി പിഐബി പ്രഖ്യാപിക്കുന്ന ഉള്ളടക്കം ഡിജിറ്റല്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു വിലക്കുന്ന ഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇത്തരത്തില്‍ കേന്ദ്ര നീക്കം സെന്‍സര്‍ഷിപ്പിനു തുല്യമാണെന്നും മാധ്യമസ്വാതന്ത്ര്യ നിഷേധമാണെന്നുമുള്ള വിമര്‍ശനങ്ങള്‍ക്കെതിരെയുള്ള പ്രതികരണം എന്താണെന്നാണ് ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ ചോദിച്ചത്. എന്നാല്‍, ഇലക്ട്രോണിക്‌സ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവിന് ഇക്കാര്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായില്ല. ഉപയോക്താക്കള്‍ക്ക് ഉത്തരവാദിത്വമുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനായാണ് നിര്‍ദ്ദിഷ്ട ഭേദഗതി നീക്കമെന്ന് വിശദീകരിച്ച് തടിയൂരുകയായിരുന്നു കേന്ദ്ര മന്ത്രി.

അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലൂടെ പ്രചരിക്കുന്നത് തടയിടുക എന്ന ഗൂഢ ലക്ഷ്യം വ്യാജ വാര്‍ത്തകളുടെ നിര്‍ണയം സര്‍ക്കാരിന്റെ മാത്രം കൈകളിലാക്കുന്നതിലൂടെ നിറവേറ്റുന്നു എന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിയമ ഭേദഗതി വലിയ രീതിയിലുള്ള സെന്‍സറിങ്ങിലേക്ക് നയിക്കുമെന്നും അത് മാധ്യമങ്ങളുടെ വാമൂടിക്കെട്ടുന്നതിലേക്കും എത്തുമെന്നും ഉള്‍പ്പെടെയുള്ള വ്യാപക വിമര്‍ശനമാണ് നിയമ ഭേദഗതിക്കെതിരെ ഉയര്‍ന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News