തെക്കൻ തുർക്കിയിലും വടക്കുപടിഞ്ഞാറൻ സിറിയയിലുമായി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 23,700 കടന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 10 ദിവസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും രക്ഷാപ്രവർത്തകർ വെള്ളിയാഴ്ച രക്ഷിക്കുകയും മറ്റ് സ്ഥലങ്ങളിൽ നിന്ന് നിരവധി ആളുകളെ പുറത്തെടുക്കുകയും ചെയ്തു.
‘നൂറ്റാണ്ടിന്റെ ദുരന്തം’ എന്നാണ് ഭൂകമ്പത്തെ തുർക്കി പ്രസിഡന്റ് വിശേഷിപ്പിച്ചത്. ദുരന്തത്തിന്റെ പൂർണ്ണ വ്യാപ്തി “നമ്മുടെ കൺമുന്നിൽ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്” യുഎൻ മേധാവി അന്റോണിയോ ഗുട്ടറസ് പറഞ്ഞു. പാർപ്പിടവും വെള്ളവും ഭക്ഷണവും ഇല്ലാത്ത അവസ്ഥ അതിജീവിച്ച ആയിരക്കണക്കിന് ആളുകളുടെ ജീവന്റെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തുന്നതായും യു എൻ അറിയിച്ചു.
കൂടുതൽ ലോകരാജ്യങ്ങൾ തുർക്കിയെയും സിറിയയെയും സഹായിക്കാനായി രംഗത്തെത്തിയിട്ടുണ്ട്. സിറിയയിലെ വിമത മേഖലകളിലേക്ക് യുഎൻ സഹായം എത്തിത്തുടങ്ങി. അഞ്ച് ട്രക്കുകളിലായി അവശ്യവസ്തുക്കൾ എത്തിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവർക്കായുളള അടിയന്തര ധനസഹായവും ഉൾപ്പെടെ 1.78 ബില്യൺ ഡോളർ ലോക ബാങ്ക് തുർക്കിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായത്. കടുത്ത മഞ്ഞു വീഴ്ചയും അടിക്കടിയുണ്ടാകുന്ന മഴയും നാലാം ദിവസവും തുടരുന്ന രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പലയിടത്തും ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. എന്നിരുന്നാലും രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍പ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here