കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ട അവധി എടുത്ത് മൂന്നാറിൽ വിനോദ യാത്രയ്ക്ക് പോയതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. അനധികൃതമായി ജോലിയ്ക്ക് ഹാജരാകാതിരുന്ന കോന്നി തഹസീല്‍ദാര്‍ ഉള്‍പ്പെടെ 19 ഉദ്യോഗസ്ഥരാണ് മൂന്നാറിൽ തുടരുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു.

ഓഫീസിലെ 23 ജീവനക്കാർ അവധിക്ക് അപേക്ഷ നൽകിയും 21 പേർ അവധി എടുക്കാതെയുമാണ് വിനോദ യാത്രയ്ക്ക് പോയത്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് സംഘം യാത്ര പോയത്. ഓഫീസ് സ്റ്റാഫ്‌ കൗൺസിൽ സംഘടിപ്പിച്ച യാത്രയ്ക്കായി 3000 രൂപ വീതം ഓരോരുത്തരും നൽകിയിരുന്നു.

63 ജീവനക്കാരുള്ള ഓഫീസിൽ 44 പേരും ഹാജരായിരുന്നില്ല. സംഭവത്തിൽ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ തഹസീൽദാരോട് വിശദീകരണം തേടിയിട്ടുണ്ട്. ജില്ലാ കളക്ടർ ഓഫീസിൽ ഹാജരാവാത്ത മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ അടിയന്തിരമായി നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. താലൂക്ക് ഓഫീസിൽ ആളില്ലെന്ന വിവരം ലഭിച്ച എംഎൽഎ തഹസിൽദാർ ഓഫീസിൽ എത്തുകയായിരുന്നു. അതോടെയാണ് തഹസിൽദാർ അടക്കം മൂന്നാറിലേക്ക് ടൂർ പോയതാണെന്ന് മനസ്സിലായത്. തുടർന്ന് എംഎൽഎ കെ യു ജനീഷ്കുമാർ തഹസീൽദാറെ ഫോണിൽ ബന്ധപ്പെട്ട് ക്ഷുഭിതനായി.

വാഹനസൗകര്യങ്ങൾ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളിൽ നിന്നടക്കം നൂറുകണക്കിന് ആളുകളാണ് ഓഫീസിൽ പല ആവശ്യങ്ങൾക്കുമായി എത്തുന്നത്. ഈ സമയത്താണ് ഓഫീസുകളിൽ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥ.

രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആയതിനാലാണ് ഉദ്യോഗസ്ഥർ മൂന്ന് ദിവസം അവധിയെടുത്ത് മൂന്നാറിലേക്ക് പോയത്. ജീവനക്കാർക്ക് അർഹതപ്പെട്ട ലീവ് എടുക്കുന്നതിൽ തടസമില്ല, എന്നാൽ ഇത്രയേറെപ്പേർക്ക് ഒന്നിച്ച് ലീവ് അനുവദിക്കേണ്ടതുണ്ടോയെന്ന് മേലധികാരി തീരുമാനിക്കണമെന്നും ജനീഷ് കുമാർ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News