ചേലാകര്‍മ്മം ബാലാവകാശ ലംഘനം; നിയമം മൂലം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

പ്രായപൂര്‍ത്തിയാവത്ത കുട്ടികളില്‍ മതാചാരത്തിന്റെ പേരില്‍ നടത്തുന്ന നിര്‍ബന്ധിത ചേലാകര്‍മം നിയമവിരുദ്ധമാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി. 18 വയസ്സ് തികയുന്നതിന് മുമ്പ് കുട്ടികളെ ചേലാകര്‍മ്മത്തിന് വിധേയാക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി നോണ്‍ റിലീജിയസ് സിറ്റിസണ്‍സ് എന്ന സംഘടനയും മറ്റ് അഞ്ച് പേരും ചേര്‍ന്നാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. മാതാപിതാക്കളുടെ ഏകപക്ഷീയമായ തീരുമാനത്തിലൂടെ ആണ്‍കുട്ടികള്‍ നിര്‍ബന്ധമായും ചേലാകര്‍മ്മത്തിന് വിദേയമാകുന്നത് ബാലാവകാശങ്ങളുടെ ലംഘനവും നിയമവിരുദ്ധവും ജാമ്യമില്ലാത്ത കുറ്റകൃത്യവുമാക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കുട്ടികള്‍ ചേലാകര്‍മങ്ങള്‍ക്ക് നിര്‍ബന്ധിതമായി ഇരകളാക്കപ്പെടാന്‍ പാടില്ല. ഭരണഘടനയുടെ ഇരുപത്തിയൊന്നാം വകുപ്പ് പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമായി പലപ്പോഴും ഇത് മാറാറുണ്ട്. പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നത് തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണം. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഭരണകൂട ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ ഉണ്ടാകണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്‍, ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ച സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി തുടങ്ങിയ കുട്ടികളുടെ അവകാശങ്ങള്‍ നിരത്തുന്ന വിവിധ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ചേലാകര്‍മ്മം കുട്ടികളില്‍ ആരോഗ്യകരമായ പ്രശ്‌നക്കള്‍ക്കും മാനസികമായ ആഘാതങ്ങള്‍ക്കും കാരണമാകുന്നു. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഇത്തരം മാനസിക ആഘാതങ്ങള്‍ പല വ്യക്തികളെയും ജീവിതകാലം മുഴുവന്‍ പിന്തുടരുന്നു. മാതാപിതാക്കളുടെ മാനസിക വൈകൃതങ്ങളുടെ ഇരകളാക്കപ്പെടാന്‍ കുട്ടികളെ വിട്ടുകൊടുക്കരുത്. ചേലാകര്‍മം വേണോ വേണ്ടയോ എന്ന് പ്രായപൂര്‍ത്തിയായ ശേഷം വ്യക്തികള്‍ തീരുമാനിക്കട്ടെയെന്നും ഹര്‍ജിയില്‍ പറയുന്നു. ചേലാകര്‍മ്മം നിരോധിക്കുന്ന നിയമനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് അടുത്തയാഴ്ച ഹര്‍ജി പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News