കടം കയറിയ അദാനി എസ്ബിഐയിൽ നിന്ന് വീണ്ടും കടം വാങ്ങുന്നത് വിദേശ ബാങ്കുകളിലെ കടം അടച്ചുതീർക്കാൻ എന്ന് സൂചന. ഉടൻ തിരിച്ചടയ്ക്കേണ്ട ലോണുകളുടെ തിരിച്ചടവിനായാണ് സ്വന്തം ഷെയറുകൾ പണയം വെച്ചുള്ള കടംവാങ്ങൽ. ഹിൻഡൻബർഗ് റിപ്പോർട്ടോടെ ഇന്ത്യയിലെ നിക്ഷേപ സംഗമങ്ങളിൽ നിന്ന് മുങ്ങി നടക്കുകയാണ് അദാനിയെന്നും ആക്ഷേപമുണ്ട്.
അദാനി ട്രാൻസ്മിഷൻ, അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി എന്നീ കമ്പനികളുടെ ഷെയറുകൾ ഈട് നൽകിയാണ് എസ്ബിഐയിൽ നിന്ന് വീണ്ടും പണം കടം വാങ്ങുന്നത്. 250 കോടി ഡോളർ വിലയുള്ള ഷെയറുകളാണ് എസ്ബിഐ സബ്സിഡിയറിയായ എസ്ബിഐ ക്യാപ്പിൽ പണയം വച്ചതെന്നാണ് സൂചന. അദാനി പോർട്‌സിൻ്റെ ഒരു ശതമാനവും അദാനി ട്രാൻസ്മിഷൻ്റെ 0.55%വും ഗ്രീൻ എനർജിയുടെ 1.06%വും ഷെയറുകളാണ് പുതുതായി പണയത്തിലുള്ളത്. ഉടനടി തിരിച്ചടവ് പൂർത്തിയാക്കേണ്ട ലോണുകൾ അടച്ചു തീർക്കാനാണ് കടമെടുപ്പ്.
വിദേശ ഏജൻസികൾ റേറ്റിംഗ് താഴ്ത്തുകയും അന്താരാഷ്ട്ര ബാങ്കുകൾ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് കടം തിരിച്ചടയ്ക്കാൻ ഉള്ള ശ്രമങ്ങൾ അദാനി ആരംഭിച്ചിട്ടുള്ളത്. അദാനിയുടെ കടമെടുക്കലിൽ 18%വും ബോണ്ടുകളിൽ 37 ശതമാനവും വിദേശ ബാങ്കുകളിൽ നിന്നുള്ളതാണ്.
നോർവേയിലെ സർക്കാർ പെൻഷൻ ഫണ്ട് സംവിധാനമായ നോർവേ വെൽത്ത് ഫണ്ട് വാങ്ങിയ മുഴുവൻ അദാനി ഓഹരികളും വിറ്റഴിച്ചതും മാർക്കറ്റിൽ തിരിച്ചടിയായി.
ഹിൻഡൻബർഗ് റിപ്പോർട്ട് തിരിച്ചടിയായതോടെ ഇന്ത്യയിലെ നിക്ഷേപ സംഗമങ്ങളിൽ നിന്ന് മുങ്ങി നടക്കുകയാണ് അദാനിയെന്നും ആക്ഷേപമുണ്ട്. യുപിയിലെ ഇൻവെസ്റ്റേഴ്സ് സമ്മിറ്റിലെ അദാനിയുടെ അസാന്നിധ്യം വിമർശകരുടെ അടുത്ത കുന്തമുനയായി മാറുകയാണ്. എന്നാൽ, ഹിൻഡൻബർഗിനെതിരായ കേസിൽ വാച്ച്ടെൽ എന്ന അമേരിക്കൻ നിയമ സ്ഥാപനത്തെ വാദിക്കാൻ ഏൽപ്പിച്ച് തിരിച്ചടിക്കുക തന്നെയാണ് അദാനിയുടെ നീക്കം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here