കൈരളി ടി വിയും കെയര്‍ ഫോര്‍ മുംബൈയും ചേര്‍ന്നൊരുക്കുന്ന മെഗാ ഷോയെ വരവേല്‍ക്കാന്‍ ഒരുങ്ങി മുംബൈ നഗരം. ഇന്ന് വൈകിട്ട് 5 മണിക്ക് ഷണ്മുഖാനന്ദ ഹാളിലാണ് മുംബൈ മലയാളികള്‍ അവേശത്തിമിര്‍പ്പോടെ കാത്തിരിക്കുന്ന മെഗാഷോ അരങ്ങേറുക. മലയാളത്തിന്റെ പ്രിയപ്പെട്ട മെഗാസ്റ്റാര്‍ പത്മശ്രീ മമ്മൂട്ടിയാണ് മെഗാഷോയുടെ പ്രധാന ആകര്‍ഷണം. കേരളത്തിന്റെ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മെഗാഷോയോട് അനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനവും നടക്കും. ഡോ.ജോണ്‍ ബ്രിട്ടാസ് എം.പി, നിര്‍മ്മാതാവ് ആന്റോ ജോസഫ്, രമേഷ് പിഷാരടി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാണ്.
മലയാളത്തിലെ പ്രിയ താരങ്ങളും പിന്നണിഗായകരും പങ്കെടുക്കുന്ന താരനിശയും ഇതിനോടനുബന്ധിച്ച് അരങ്ങേറും. മിയ ജോര്‍ജ്, റിമി ടോമി, അരവിന്ദ് വേണുഗോപാല്‍, ശ്രീനാഥ്, അഖിലാ ആനന്ദ്, പാര്‍വതി അരുണ്‍, ഡയാനാ ഹമീദ്, മഹേഷ്, രാജേഷ് പരവൂര്‍, രശ്മി അനില്‍, അജിത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രന്‍ തുടങ്ങിയ താരങ്ങള്‍ വിവിധപരിപാടികള്‍ അവതരിപ്പിക്കും. മുംബൈ സമൂഹത്തിന് സമഗ്രമായ സംഭാവന നല്‍കിയ ഏറ്റവും മുതിര്‍ന്ന സാമൂഹികപ്രവര്‍ത്തകരായ പി. ആര്‍. കൃഷ്ണന്‍, ലയണ്‍ കുമാരന്‍ നായര്‍ എന്നിവരെ കെയര്‍ ഫോര്‍ മുംബൈ ചടങ്ങില്‍ ആദരിക്കും. പ്രവേശനം പാസ്സുമൂലം.
ഒരു വ്യക്തി പോലും ഭക്ഷണവും ചികിത്സയും ജീവന്‍രക്ഷാ മരുന്നുകളും ഇല്ലാതെ കഷ്ടത അനുഭവിക്കരുതെന്ന ലക്ഷ്യത്തോടെ കൊവിഡ് ലോക്ഡൗണ്‍ കാലത്ത് രൂപംകൊണ്ട സന്നദ്ധ സംഘടനയാണ് കെയര്‍ഫോര്‍ മുംബൈ. മെഗാ ഷോയിലൂടെ ലഭിക്കുന്ന തുക ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനായി വിനിയോഗിക്കുമെന്ന് കെ ഫോര്‍ മുബൈയുടെ ഭാരവാഹികള്‍ അറിയിച്ചു.
ഇതുവരെ 11,820 കുടുംബങ്ങളില്‍ സഹായമെത്തിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞതായി കെയര്‍ ഫോര്‍ മുംബൈ സെക്രട്ടറി പ്രിയാ വര്‍ഗീസ് പറഞ്ഞു. മഹാരാഷ്ട്ര പ്രളയക്കെടുതിയില്‍ വലഞ്ഞപ്പോഴും കൈത്താങ്ങായി കെയര്‍ ഫോര്‍ മുംബൈ മുന്നിലുണ്ടായിരുന്നു. ഇത് വരെ ഒരുകോടി 20 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് കെയര്‍ ഫോര്‍ മുംബൈ അംഗങ്ങള്‍ നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here