പിരിച്ചുവിടലിൽ ആശങ്കയോടെ ടെക്ക് ലോകം

ജി.ആർ വെങ്കിടേശ്വരൻ

ടെക്ക് ലോകത്ത് കൂട്ടപ്പിരിച്ചുവിടലുകൾ തുടരുന്നു. ആമസോൺ പോലുള്ള ഭീമൻ കമ്പനികൾക്ക് പിന്നാലെ ടെക്ക് ലോകത്തെ അതികായന്മാരായ മൈക്രോസോഫ്റ്റും യാഹൂവുമൊക്കെയാണ് തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിടാൻ ഒരുങ്ങുന്നത്. ‘അധിക’ തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നും വലിയ നിലയിൽ പരിഷ്കാരം നടക്കാൻ പോകുന്നുവെന്നുമെല്ലാം ഇവർ അറിയിച്ചുകഴിഞ്ഞു. മാന്ദ്യഭീതിയും, വരുംകാലങ്ങളിൽ നിക്ഷേപങ്ങളിലുണ്ടായേക്കാവുന്ന ഇടിവുകളും അടക്കം നിരവധി കാരണങ്ങളാണ് ഈ കൂട്ടപ്പിരിച്ചുവിടലിന് വഴിതെളിക്കുന്നത്.

ആമസോണിന്റെ വഴിയേ

ടെക്ക് ഭീമന്മാരായ യാഹൂ, ഡെൽ, മൈക്രോസോഫ്റ്റ്, ഇന്റൽ തുടങ്ങിയവരാണ് അടുത്തിടെയായി കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. നിലവിലെ തൊഴിലാളികളുടെ എണ്ണത്തിൽ 20%ത്തോളം പേരെ പിരിച്ചുവിടുമെന്ന് യാഹൂ അറിയിച്ചുകഴിഞ്ഞു. കോവിഡ് കാലത്ത് മാർക്കറ്റിങ് ബജറ്റുകളിൽ വന്ന ഇടിവും മാന്ദ്യഭീതിയുമാണ് യാഹൂവിനെ കൂട്ടപ്പിരിച്ചുവിടലിന് പ്രേരിപ്പിച്ചത്.

പിരിച്ചുവിടൽ പ്രഖ്യാപിച്ച മറ്റൊരു ടെക് ഭീമൻ മൈക്രോസോഫ്ട് ആണ്.10,000 തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് ജനുവരിയിൽ കമ്പനി അറിയിച്ചത്. അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായി അടുത്തിടെയിറങ്ങിയ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ പിരിച്ചുവിടലുകൾ മൈക്രോസോഫ്റ്റിന്റെ കീഴിലുള്ള, x-box അടക്കമുള്ള കമ്പനികളെ സാരമായി ബാധിക്കുമെന്ന് അധികൃതർ സൂചന നൽകി കഴിഞ്ഞു. മാർക്കറ്റിംഗ്, സെയിൽസ് വകുപ്പുകളിലാകും കൂട്ടപിരിച്ചുവിടലിന്റെ ആഘാതം പ്രധാനമായും അനുഭവപ്പെടുക. പിരിച്ചുവിടൽ പ്രഖ്യാപിച്ച ശേഷം കമ്പനിയുടെ ഓഹരിവില കുതിച്ചുയർന്നതും, ഒരുപക്ഷെ കൂടുതൽ കമ്പനികൾ ഈ വഴി പിന്തുടർന്നേക്കാമെന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്.

വരുമാനത്തിൽ വന്ന കുറവാണ് 7000 തൊഴിലാളികളെ പിരിച്ചുവിടാൻ ഡിസ്നിയെ പ്രേരിപ്പിച്ചത്. ടെക്ക് ഭീമനായ ഇന്റലിന്റെ അവസ്ഥയും ഇതുതന്നെ. കമ്പനിയുടെ നാലാംപാദത്തിലെ വരുമാനത്തിൽ വന്ന വൻകുറവാണ് ഇന്റലിലെ പിരിച്ചു വിടലിന് കാരണമായി പറയുന്നത്. ഇതുകൂടാതെ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്. കംപ്യൂട്ടർ കമ്പനിയായ ഡെൽ 6,650 തൊഴിലാളികളെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. പേഴ്സണൽ കംപ്യൂട്ടറുകളുടെ വിൽപ്പനയിൽ ഉണ്ടായ വൻ ഇടിവാണ് ഡെല്ലിനെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചത്.

പല പല ഭീതി, ഒരേയൊരു പരിഹാരം

ടെക്ക് കമ്പനികൾ ഈ നിലയിൽ കൂട്ടപ്പിരിച്ചുവിടലുകൾ നടത്തുന്നതിന് പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം വർദ്ധിച്ചു വരുന്ന നടത്തിപ്പ് ചെലവാണ്. കൊവിഡ് മഹാമാരിയും, തുടർന്നുണ്ടായ ലോക്ഡൗണും മറ്റും ടെക്ക് ഭീമന്മാരുടെ നടുവൊടിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന വിലക്കയറ്റം, ജീവിതസാഹചര്യങ്ങളിലെ അസ്ഥിരത തുടങ്ങിയവ ആളുകളുടെ പർച്ചേസിംഗ് പവറിലുണ്ടാക്കിയ മാറ്റങ്ങൾ കമ്പനിയുടെ വരുമാനങ്ങളിൽ പ്രതിഫലിച്ചു. ഇതിനെല്ലാം പുറമെയാണ് നിക്ഷേപങ്ങളിൽ വന്ന ഇടിവ്. മാന്ദ്യഭീഷണി വിടാതെ നിലനിൽക്കുന്നതിനാൽ നിക്ഷേപങ്ങളിൽ വരുന്ന ഇത്തരം ഇടിവുകളെ ടെക്ക് ലോകം ഭീതിയോടെയാണ് നോക്കിക്കാണുന്നത്.

ഇതിനെല്ലാം പുറമെ മറ്റൊരു കാരണം കൂടി ഈ വ്യാപകമായ കൂട്ടപ്പിരിച്ചുവിടലിന്റെ കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കമ്പനികൾ അമിതമായ ഡിമാൻഡ് പ്രതീക്ഷിച്ചു എന്നതാണത്. അമിതഡിമാൻഡ് പ്രതീക്ഷിച്ച കമ്പനികൾ തൊഴിൽശക്തിയിലും നിക്ഷേപത്തിലും ഗണ്യമായ വർദ്ധനവ് വരുത്തിയിരുന്നു, എന്നാൽ പ്രതീക്ഷിച്ച തരത്തിലുളള ഡിമാൻഡ് ഇല്ലാതെ വന്നത് ഈ കമ്പനികളെ പ്രതിസന്ധിയിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News