മൂന്ന് തവണ മാറ്റി വെച്ച ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ഫെബ്രുവരി 16 ന് നടത്താൻ ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന അനുമതി നൽകി. 6 സ്റ്റാൻഡിങ് കമ്മിറ്റിയംഗങ്ങളുടെ തെരഞ്ഞെടുപ്പും വ്യാഴാഴ്ച നടക്കും.
നേരത്തേ ജനുവരി 6, ജനുവരി 24, ഫെബ്രുവരി 6 തീയതികളിൽ യോഗം ചേർന്നെങ്കിലും തെരഞ്ഞെടുപ്പ് നടന്നില്ല. എന്നാൽ നാമനിർദേശം ചെയ്യപ്പെട്ട കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആം ആദ്മി -ബിജെപി കൗൺസിലർമാരുടെ കയ്യാങ്കളിയെ തുടർന്നാണ് മൂന്ന് തവണയും തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ലഫ്റ്റനന്റ് ഗവർണർ നാമനിർദേശം ചെയ്തവർക്ക് മേയർ തെരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകുമെന്ന വരണാധികാരിയുടെ നിലപാടാണ് തർക്കത്തിനു കാരണമായത്.
നാമനിർദേശം ചെയ്തവർക്ക് വോട്ടവകാശം നൽകി മേയർ തെരഞ്ഞെടുപ്പിൽ ബിജെപി അട്ടിമറിക്ക് ശ്രമിക്കുന്നെന്നാണ് എഎപിയുടെ ആരോപണം. അതിനിടെ എഎപി സ്ഥാനാർത്ഥി സുപ്രീംകോടതിയെ സമീപിച്ചു. ഇതേ തുടർന്ന് ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന , വരണാധികാരി സത്യ ശർമ എന്നിവരിൽ നിന്ന് സുപ്രീംകോടതി വിശദീകരണവും നേടി. വിഷയം ഫെബ്രുവരി 13 ന് സുപ്രീംകോടതി പരിഗണിക്കും.
കോർപ്പറേഷനിൽ ആം ആദ്മി പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും കൂറുമാറ്റ നിരോധനനിയമം ബാധകമല്ലാത്തതിനാൽ വോട്ടുകൾ മാറിമറിയാൻ സാധ്യതയുണ്ട്. 15 വർഷം കോർപ്പറേഷൻ ഭരിച്ച ബി ജെ പി യെ അട്ടിമറിച്ചാണ് ആം ആദ്മി പാർട്ടി എം സി ഡി ഭരണം പിടിച്ചത്. 250 വാർഡിൽ ആപ്പിന് 134 കൗൺസിലർമാരാണുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here