അതിർത്തികൾ എടുത്തുകളഞ്ഞ് ഫോൺപേ; ഇനി മറ്റ് രാജ്യങ്ങളിലും ഉപയോഗിക്കാം

അതിർത്തികൾ എടുത്തുകളഞ്ഞ് ഫോൺപേ. ഇനിമുതൽ ഫോൺപേ ഉപയോഗിച്ച് ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലും പണമിടപാടുകൾ നടത്താം. ഫോൺപേ സഹസ്ഥാപകൻ രാഹുൽ ചാരിയാണ് ഇക്കാര്യം അറിയിച്ചത്.

യു.എ.ഇ, സിങ്കപ്പൂർ, മൗറീഷ്യസ് , നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഇനിമുതൽ ഫോൺപേ ഉപയോഗിക്കാനാകുക. ഈ രാജ്യങ്ങളിലുള്ളവർക്ക് തങ്ങളുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ട് മുഖേന, അതാത് രാജ്യങ്ങളിലെ കറൻസി വഴി പണമിടപാടുകൾ നടത്താനാകും. മുൻപ് കറൻസി വഴിയോ, ഫോറെക്സ് കാർഡ് വഴിയോ നേരിട്ട് മാത്രമായിരുന്നു വിനിമയം. ഈ സങ്കീർണതയെയാണ് ഫോൺപേ പുതിയ തീരുമാനത്തിലൂടെ എടുത്തുകളയുന്നത്.

ഇത്തരം രാജ്യാന്തര ഇടപാടുകളെ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കീഴിൽ വരുന്ന ‘യു.പി.ഐ ഇന്റർനാഷണൽ’ എന്ന സംവിധാനമാണ് പരിശോധിക്കുക. നിലവിൽ കുറച്ച് രാജ്യങ്ങളിൽ മാത്രമുള്ള ഈ സംവിധാനം പോകെപ്പോകെ ഇന്ത്യക്കാർ കൂടുതലുള്ള യു.എസ്, ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിലും കൊണ്ടുവരാനുള്ള പദ്ധതിയുമുണ്ട്. ഇതിനായി വിവിധ രാജ്യങ്ങളുടെ ഭരണകൂടങ്ങളുമായി ചർച്ചകളിലാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്- ഐ.ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി യു.പി.ഐ വഴിയുള്ള പണമിടപാടുകളിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിവരുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം 2022ൽ മാത്രമായി 125.95 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. ഒരു സെക്കൻഡിൽ 2,348 ഇടപാടുകളാണ് യു.പി.ഐ വഴി നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News