എൻ.പി വൈഷ്ണവ്
ടെക് ലോകത്ത് ജനപ്രിയതയുടെ അതിപ്രസരം സൃഷ്ടിച്ച് മുന്നോട്ടേക്ക് കുതിക്കുകയാണ് ചാറ്റ് ജി.പി.ടി. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് ജനപ്രിയമായ ആദ്യത്തെ ചാറ്റ് ബോട്ട് അല്ല ചാറ്റ് ജി.പി.ടി. ഇതിന് മുമ്പും നിരവധി ചാറ്റ് ബോട്ടുകള്‍ രംഗത്തുണ്ട്. ചിലത് വിസ്മൃതിയിലേക്ക് മാഞ്ഞുപോകുകയും ചിലത് ജനമനസ്സുകളില്‍ ഒരു സുഹൃത്തിനെപോലെ നിലകൊള്ളുകയും ചെയ്തു.
മനുഷ്യന്‍ ഓരോ നിമഷവും ചിന്തിക്കുന്നത് അവന്റെ ജോലികള്‍ കുറഞ്ഞ സമയം കൊണ്ട് പെട്ടെന്ന് എങ്ങനെ ചെയ്തുതീര്‍ക്കാം എന്നതാണ്. പഠനത്തിന്റെ കാര്യത്തിലും വിദ്യാര്‍ത്ഥികളുടെ മനോഭാവവും തഥൈവ. മനുഷ്യമനസ്സിനെ വെല്ലുന്ന കഴിവുമായി കവിത ചൊല്ലാനും പ്രോഗ്രാം കോഡ് ചെയ്യാനും ബയോഡാറ്റ ചെയ്യാനും ചാറ്റ് ജി.പി.ടി രംഗത്തെത്തിയപ്പോള്‍ ജനങ്ങള്‍ അവന് പിന്നാലെ വെച്ചുപിടിച്ചു. ഏറ്റവും ഒടുവിലായി മൈക്രോസോഫ്റ്റും അതിന്റെ ഏറ്റവും വലിയ നിക്ഷേപകരായി രംഗത്തെത്തുകയും ബിംഗും എഡ്ജ് ബ്രൗസറും അതിന്റെ സെര്‍ച്ച് എന്‍ജിനില്‍ ചാറ്റ് ജി.പി.ടിയെ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇതൊക്കെ കണ്ട് ഗൂഗിളും വെറുതെയിരിക്കാന്‍ തയ്യാറല്ലായിരുന്നു. ബാര്‍ഡ് എന്ന പുതിയ സംവിധാനം അവതരിപ്പിച്ചുകൊണ്ടാണ് ഗൂഗിള്‍ അതിനെ മറികടക്കാന്‍ തയ്യാറായത്.
ചാറ്റ് ബോട്ടുകളുടെ ഭാവി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യനെ എത്രത്തോളം സ്വീധീനിക്കും തുടങ്ങിയ ചര്‍ച്ചകള്‍ വര്‍ത്തമാനകാലത്ത് വ്യാപകമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചാറ്റ് ജി.പി.ടിക്ക് മുന്നേ ഏതൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പുകളാണ് രംഗത്തെത്തിയതെന്ന് പരിശോധിക്കാം.
എലിസ (ELIZA) 1966
ആദ്യത്തെ ചാറ്റ്ബോട്ട് ആയി അംഗീകരിക്കപ്പെട്ട എ.ഐ സംവിധാനമാണ് എലിസ (ELIZA). 1960കളുടെ മധ്യത്തില്‍ എം.ഐ.ടി ആര്‍ട്ടിഫിഷ്യല്‍ ലബോറട്ടറിയില്‍ വെച്ച് ജര്‍മ്മന്‍-അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ജോസഫ് വിസെന്‍ബോം ആണ് ഇത് തയ്യാറാക്കിയത്. സംഭാഷണങ്ങള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാനായി പാറ്റേണ്‍-മാച്ചിംഗ്, സബ്സ്റ്റിട്യൂഷൻ എന്നീ രീതികളാണ് ഈ ചാറ്റ് ബോട്ടില്‍ ഉപയോഗിച്ചത്. ഇത് ചാറ്റ് ബോട്ടിന് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുന്നു എന്ന പ്രതീതി ഉപയോക്താവിന് നല്‍കി. എന്നാല്‍ സാന്ദര്‍ഭികമാക്കാനുള്ള സംവിധാനമോ ചട്ടക്കൂടുകളോ ഈ ചാറ്റ് ബോട്ടിന് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ ജനപ്രീതി ഇടിയാനുള്ള പ്രധാന കാരണവും ഇതായിരുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍.
റാക്ടര്‍ -(Racter) 1984
ചാറ്റ് ജി.പി.ടിക്ക് ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആപ്പിളിന്റെ ആദ്യകാല കമ്പ്യൂട്ടറുകളിലൊന്നില്‍ പ്രോഗാം ചെയ്ത ചാറ്റ് ബോട്ട് ആണ് റാക്ടര്‍. ഇംഗ്ലീഷ് ഗദ്യം രചിക്കുന്നതിനായുള്ള മൈന്‍ഡ്‌സ്‌കേപ്പ് ആണ് റാക്ടര്‍ വികസിപ്പിച്ചെടുത്തത്. സര്‍ഗ്ഗാത്മകതയില്‍ മനുഷ്യന്റെ ചിന്തകള്‍ക്ക് കിടപിടിക്കാന്‍ ശ്രമിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണെന്ന ആവകാശവാദം ഇതിന്റെ തുടക്കത്തില്‍ത്തന്നെ നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചിരുന്നു. പ്രോഗ്രാമിംഗില്‍ നിന്ന് വ്യത്യസ്തമായി, ഒരു ഹ്യൂമന്‍ ഓപ്പറേറ്ററില്‍ നിന്ന് പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ നല്‍കാതെത്തന്നെ യഥാര്‍ത്ഥ സൃഷ്ടി എഴുതാന്‍ റാക്ടറിന് കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അന്നത്തെ കാലഘട്ടത്തിലെ ടെക്‌നോളജിയെ താരതമ്യം ചെയ്യുന്ന സാഹചര്യത്തില്‍ മികച്ച മുന്നേറ്റത്തിന് സാധ്യമായ ചാറ്റ് ബോട്ടായിരുന്നു റാക്ടര്‍. എന്നാലും കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ചാണ് റാക്ടര്‍ വികസിപ്പിച്ചത് എന്നതുകൊണ്ടും മറ്റ് സമാന്തര സംവിധാനങ്ങളുടെ കടന്നുവരവോടെയും ഇതിന്റെ ആവശ്യങ്ങള്‍ കുറഞ്ഞുവരികയായിരുന്നു.
ജാബര്‍വാക്കി (jabberwacky)- 1988
ജാബര്‍വാക്കി എന്ന് ചാറ്റ് ബോട്ട് ബ്രിട്ടീഷുകാരനായ റോളോ കാര്‍പെന്റര്‍ ആണ് അവതരിപ്പിക്കുന്നത്. ഈ ചാറ്റ് ബോട്ട് മുന്‍കാലങ്ങളില്‍ നിര്‍മ്മിച്ച എ.ഐ ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. വിനോദത്തിനായി മാത്രം സൃഷ്ടിച്ച ഈ ചാറ്റ്ബോട്ട് മനുഷ്യരുമായുള്ള സംഭാഷണങ്ങളില്‍ ഒരു വ്യത്യസ്തത കാത്തുസൂക്ഷിച്ചിരുന്നു. ഈ രീതിയിലൂടെ ചാറ്റ്ബോട്ടുകളെ റോബോട്ടുകളുമായി സംയോജിപ്പിച്ച് പുതിയൊരു രീതി സൃഷ്ടിക്കാന്‍ കാര്‍പെന്റര്‍ ആഗ്രഹിച്ചു. ചുരുക്കിപ്പറഞ്ഞാൽ നര്‍മ്മബോധമുള്ള ഒരു കൂട്ടുകാരനായിരുന്നു ജാബര്‍വാക്കി. ആ കാലഘട്ടത്തില്‍ മികച്ച ജനപ്രീതിയുണ്ടായിരുന്ന ഈ ചാറ്റ് ബോട്ട് ക്രമേണ ഉപയോക്താക്കളില്‍ നിന്നും അകലുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ക്ലിപ്പി – ഓഫീസ് അസിസ്റ്റന്റ് (clippy – the office assistant) 1997
ക്ലിപ്പി ഒരു ചാറ്റ്ബോട്ട് ആല്ല. മൈക്രോസോഫ്റ്റ് അതിന്റെ ഓഫീസിനായി അവതരിപ്പിച്ച ഒരു ഇന്റലിജന്റ് യൂസര്‍ ഇന്റര്‍ഫേസായിരുന്നു. വിന്‍ഡോസ് 97-നുള്ള മൈക്രോസോഫ്റ്റ് ഓഫീസില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ചില കാരണങ്ങളാല്‍ 2004 പതിപ്പിന് ശേഷം ഇത് നിര്‍ത്തലാക്കി. വിവിധ മൈക്രോസോഫ്റ്റ് ഓഫീസ് ഫീച്ചറുകള്‍ അറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ഒരു ഇന്ററാക്ടീവ് ആനിമേറ്റഡ് പ്രതീകം വഴിയാണ് ഇത് പ്രവര്‍ത്തിച്ചത്. ഒരാള്‍ക്ക് ആവശ്യമായത് ടൈപ്പ് ചെയ്താല്‍ ക്ലിപ്പി അത് സ്‌ക്രീനില്‍ ലഭ്യമാക്കുന്ന രീതിയിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം.
ആല്‍ബര്‍ട്ട് വണ്‍ -( albert one) 1998
1990കളുടെ അവസാനത്തില്‍ ഏറ്റവും പ്രചാരമുള്ള ചാറ്റ് ബോട്ടുകളില്‍ ഒന്നായിരുന്നു അല്‍ബര്‍ട്ട് വണ്‍. ഈ ചാറ്റ് ബോട്ട്, ആര്‍ട്ടിസ്റ്റും പ്രോഗ്രാമറുമായ റോബി ഗാര്‍ഡ്‌നര്‍ മനുഷ്യസംഭാഷണങ്ങള്‍ അനുകരിക്കാന്‍ വികസിപ്പിച്ചെടുത്തതാണ്. 1998ലും 1999ലും ആല്‍ബര്‍ട്ട് വണ്‍ മികച്ച ചാറ്റ്ബോട്ടിനുള്ള ലോബ്നര്‍ സമ്മാനം നേടി. 1999-ല്‍ പ്രസിദ്ധീകരിച്ച ഒരു ബി.ബി.സി റിപ്പോര്‍ട്ട് പ്രകാരം, ചാറ്റ്ബോട്ടിന്റെ രസകരമായ മറുപടിയിലൂടെ, ഉപയോഗിച്ച 11 ശതമാനം ആളുകളെ മനുഷ്യനാണെന്ന് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അള്‍ട്രാ ഹാല്‍ അസിസ്റ്റന്റ് -(ultra hal assistand) 2000
അള്‍ട്ര ഹാല്‍ അസിസ്റ്റന്റ് എന്നാല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ആവശ്യത്തിനായി നിര്‍മ്മിച്ച ചാറ്റ് ബോട്ട് ആണ്. 2000ല്‍ യു.എസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ കമ്പനിയായ ‘Zabaware Inc’ എന്ന കമ്പനിയാണ് ഈ ചാറ്റ് ബോട്ട് വികസിപ്പിച്ചെടുത്തത്. ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശങ്ങളും ചോദ്യങ്ങളും ടൈപ്പ് ചെയ്തുകൊണ്ടോ അതിന്റെ മൈക്ക് സംവിധാനം വഴിയോ ചാറ്റ്‌ബോട്ടുമായി സംവദിക്കാനാകും.
A.L.I.C.E – 2001
ആര്‍ടിഫിഷ്യല്‍ ലിങ്ക്വിസ്റ്റിക്‌സ് ഇന്റര്‍നെറ്റ് കമ്പ്യൂട്ടര്‍ എന്റിറ്റി (Artificial Linguistic internet computer entity), ഇത് സ്വാഭാവികമായി ഭാഷ പ്രോസസ്സ് ചെയ്യുന്ന ഒരു ചാറ്റ്‌ബോട്ടാണ്. അമേരിക്കന്‍ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് വാലസ് 2001-ല്‍ അവതരിപ്പിച്ച ഇത് ഹ്യൂറിസ്റ്റിക് എന്ന രീതി ഉപയോഗിച്ചാണ് മനുഷ്യരുമായി ഇടപഴകുന്നത് (സ്വയം പഠിക്കാനുള്ള ഒരു സംവിധാനം). ഈ ചാറ്റ്‌ബോട്ട് മൂന്ന് തവണ ലോബ്‌നര്‍ സമ്മാനം നേടിയിരുന്നു.
യൂജിന്‍ ഗൂസ്റ്റ്മാന്‍ -(Eugene Goostman) 2001
2001-ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ മൂന്ന് പ്രോഗ്രാമര്‍മാരാണ് ഈ ചാറ്റ്‌ബോട്ട് വികസിപ്പിച്ചെടുത്തത്. ഗൂസ്റ്റ്മാന് ഏതാണ്ട് മനുഷ്യരുമായി സാമ്യമുള്ള സംഭാഷണങ്ങള്‍ നടത്താന്‍ കഴിയും എന്ന് അവകാശപ്പെട്ടിരുന്നു. എന്നിരുന്നാലും നിരവധി പോരായ്മകള്‍ ഈ ചാറ്റ്‌ബോട്ടിന് ഉണ്ടായിരുന്നു. പരിമിതമായ വിവരങ്ങളും, വ്യാകരണത്തിലും ഭാഷയിലും ഉണ്ടായ പിശകുകളുമാണ് ഇവയില്‍ ഏറ്റവും പ്രധാനം.
2014ല്‍ ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ നടന്ന ടൂറിംഗ് ടെസ്റ്റില്‍ ഈ ചാറ്റ് ബോട്ട് വിജയിച്ചു. അഞ്ച് മിനിറ്റ് നീണ്ട അഭിമുഖത്തിലൂടെ 33 ശതമാനം വരുന്ന ജഡ്ജിമാരെയും ഇത് മനുഷ്യനാണെന്ന് ബോധ്യപ്പെടുത്തി.
സിംസിമി (Simsimi) – 2002
2002ല്‍ ISMaker വികസിപ്പിച്ചെടുത്ത ഈ ചാറ്റ് ബോട്ട് രസകരമായ സംഭാഷണം നടത്തുന്നു. ഉപയോക്താക്കള്‍ സ്‌ക്രീനില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് ഇതിന്റെ പ്രവര്‍ത്തനം. എന്നിരുന്നാലും, ചാറ്റ് ബോട്ടിന്റെ പ്രതികരണത്തിലെ അശ്ലീലത കാരണം നിരവധി വിവാദങ്ങള്‍ക്ക് കാരണമായി. ലൈംഗിക ഉള്ളടക്കം, വധഭീഷണി, മറ്റ് ഭീഷണിപ്പെടുത്തല്‍ തന്ത്രങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബ്രസീല്‍ 2018-ല്‍ ചാറ്റ്‌ബോട്ട് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
മുകളില്‍പ്പറഞ്ഞവ കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യാപകമായി അറിയപ്പെടുന്ന ചില ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പുകളായിരുന്നു. ഇതിനപ്പുറത്തേക്ക് ആളുകള്‍ ഉപയോഗിച്ച നിരവധി ചാറ്റ്‌ബോട്ടുകളും ലോകത്ത് ഉണ്ടായിട്ടുണ്ട്. ചിലര്‍ നൂതന സാങ്കേതികവിദ്യയിലേക്ക് വഴിമാറി. മറ്റുള്ളവര്‍ നിശബ്ദമായി വിസ്മൃതിയിലേക്ക് മങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here