കടുവയോ സിംഹമോ ആരാണ് കേമന്‍

ആർ. രാഹുൽ                                                                                                                 

കാട്ടിലെ രാജാവ് സിംഹമാണ്. എന്നാല്‍ സിംഹത്തേക്കാള്‍ കരുത്തും ബുദ്ധിയും നിരവധി പ്രത്യേകതയുള്ള കടുവക്ക് എന്തുകൊണ്ട് ആ പദവി കല്‍പ്പിച്ചു കൊടുത്തില്ല എന്നത് ചിലര്‍ക്കെങ്കിലും ഉണ്ടാകാറുളള സംശയമാണ്. സംശയമുള്ളവര്‍ രണ്ട് മൃഗങ്ങളേയും പറ്റി പഠിച്ചാല്‍ അതിനുള്ള ഉത്തരം കിട്ടും. കാട്ടിലെ രാജാവ് എന്ന കിരീടം നമ്മള്‍ സിംഹത്തിന് ചാര്‍ത്തിക്കൊടുത്തതാണ്. കാട്ടിലെ രാജാവ് സിംഹമെന്ന് നമ്മള്‍ പറഞ്ഞ് ശീലിച്ചു. നമ്മള്‍ കിരീടം വെച്ചു കൊടുത്ത കാട്ടിലെ രാജാവ് സിംഹം ആണെങ്കില്‍ കിരീടം വെക്കാത്ത യഥാര്‍ത്ഥ രാജാവ് കടുവ തന്നെയാണ്.

കടുവ സിംഹത്തേക്കാളും ശക്തനാണ്. കൂട്ടമായി വേട്ടയാടുന്നതില്‍ സിംഹത്തിന് മിടുക്കുള്ളപ്പോള്‍, കടുവ തന്റെ കരുത്തു കൊണ്ടും തന്ത്രം കൊണ്ടും ഒറ്റക്കാണ് വേട്ടയാടുന്നത്. കടുവ ഒരു ഇരയെ ലക്ഷ്യം വെച്ചാല്‍ അതിനെ പിടികൂടിയിരിക്കും.സിംഹം ആനയെ വരെ കൊല്ലും. കാട്ടുപോത്ത്, കാണ്ടാമൃഗം, ഹിപ്പോ തുടങ്ങിയവന്‍മ്മാരേയും ഇരയാക്കും. പക്ഷേ സിംഹം അതെല്ലാം ചെയ്യുന്നത് സംഘം ചേര്‍ന്നാണ്. അതേ സമയം കടുവകളും ഇതെല്ലാം ചെയ്യും. ആന, ഗൗര്‍ (ഇന്ത്യന്‍ കാട്ടുപോത്ത്) കാണ്ടാമൃഗം തുടങ്ങിയവരെയെല്ലാം കടുവ നേരിട്ട് കീഴ്‌പ്പെടുത്തു. പക്ഷേ അത് ഒറ്റയ്ക്കാണെന്നു മാത്രം. നൂറുപേരെ ഒറ്റയ്ക്ക് ഇടിച്ചു തെറിപ്പിക്കുന്ന ടമാര്‍ പഠാര്‍ സിനിമകളിലെ അതിമാനുഷിക
നായകന്മാരുടെ കാട്ടിലെ വേര്‍ഷനാണ് കടുവ. 2017ല്‍ വയനാട്ടില്‍ ഒരു ആനയെ കടുവ കൊന്നതാണ് സമീപകാലത്ത് നമ്മുടെ നാട്ടില്‍ തന്നെ കടുവ നടത്തിയ ആനവേട്ടക്ക് ഉദാഹരണം.

വേഗതയുടെ കാര്യത്തില്‍ സിംഹത്തേക്കാള്‍ കേമനാണ് കടുവ. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു കടുവയ്ക്ക് ഏകദേശം 388 കിലോയോളം തൂക്കവും പരമാവധി 11 അടി നീളവുമുണ്ടാകും. ആ വലിപ്പം ഒന്ന് ആലോചിച്ചു നോക്കൂ. 388 കിലോ നമ്മുടെ ശരീരത്തിലേയ്ക്ക് ചാടി വീണാലുള്ള നമ്മുടെ അവസ്ഥ പറയണോ. ആ കൈ കൊണ്ട് ഒരു പ്രഹരം കിട്ടിയാല്‍ പിന്നെ എഴുന്നേല്‍ക്കില്ല നമ്മള്‍. അത്രയ്ക്ക് ശക്തനാണ് കടുവ. ഒരു പൂര്‍ണ്ണ വളര്‍ച്ചയെത്തിയ സിംഹത്തിന് പരമാവധി 230 കിലോയുടെ അടുത്ത് മാത്രമേ തൂക്കമുണ്ടാകു.നീളമാകട്ടെ പരമാവധി എട്ടടി മാത്രവും.

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ പുലിമുരുകനില്‍ മോഹന്‍ലാല്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഒരോ കടുവയ്ക്കും സ്വന്തമായി ഒരു കാടു തന്നെ ഉണ്ട്. ഇത് ശരിയാണ്. ഏകദേശം 70 മുല്‍ 100 സ്‌ക്വയര്‍ കിലോമീറ്റര്‍ കാട് ആയിരിക്കും ഒരു ആണ്‍കടുവയുടെ സാമ്രാജ്യം. ഇവിടേക്ക് പെണ്‍കടുവകള്‍ കടന്നു വന്നാല്‍ അവന്‍ അക്രമാസക്തനാവില്ല. പക്ഷെ തന്റെ സാമ്രജ്യത്തിലേക്ക് മറ്റൊരു ആണ്‍ കടുവയെ കടന്നു കയറാന്‍ അവന്‍ അനുവദിക്കാറില്ല. അങ്ങനെ സംഭവിച്ചാല്‍ അടുത്ത ഘട്ടം ഇരുവരും തമ്മിലുളള പോരാട്ടമാണ്. ഈ പോരാട്ടത്തില്‍ വിജയിക്കുന്നവരാകും ആ സാമ്രാജ്യത്തിന്റെ അധിപതി. പരാജയപ്പെടുന്നവര്‍ പുറംതള്ളപ്പെടും. പെണ്‍കടുവകള്‍ക്കും ഇതുപോലെ സ്വന്തമായൊരു സാമ്രാജ്യം ഉണ്ട്. പക്ഷേ ഇതിന് ആണ്‍കടുവയുടെ സാമ്രാജ്യത്തേക്കാള്‍ വിസ്തൃതി കുറവായിരിക്കും.

കടുവയ്ക്ക് 6 മീറ്റര്‍ വരെ ഉയരത്തിലും 11 മീറ്റര്‍ നീളത്തിലും ചാടാനാവും ചാട്ടക്കാരും ഓട്ടക്കാരും മാത്രമല്ല ഒന്നാംതരം നീന്തല്‍ക്കാരുമാണ് കടുവകള്‍. ഓട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെയും നീന്തലില്‍ മൈക്കല്‍ ഫെല്‍പ്‌സിനെയും ചാട്ടത്തില്‍ മൈക്ക് പവലിനെയും ജാവിയോ സാന്റോ മേയറെയുമെല്ലാം കടുവകള്‍ കടത്തിവെട്ടും.2500 ചതുരശ്ര കിലോമീറ്ററാണ് ഒരു കടുവയുടെ സഞ്ചാരപഥം. അതായത് തിരുവനന്തപുരം ജില്ലയെക്കാള്‍ കൂടുതല്‍ ഭൂപ്രദേശം ഉള്‍പ്പെടുന്ന സ്ഥലം. ഒരുദിവസം 50 കിലോമീറ്ററെങ്കിലും ഇവര്‍ സഞ്ചരിക്കും.

വിശന്നാല്‍ മാത്രമേ കടുവ ഇര പിടിക്കാനിറങ്ങു. വലിയ മൃഗങ്ങളെ വേട്ടയാടാനാണ് കടുവയ്ക്കിഷ്ടം. ചെറിയ ജീവികളെ പിടിക്കാറില്ല. പഴയമാസം ഭക്ഷിക്കാറില്ല. ധാരാളം വെള്ളം കുടിക്കണം. ഇതൊക്കെ മറ്റ് മൃഗങ്ങളില്‍ നിന്നും കടുവയെ വ്യത്യസ്തമാക്കുന്നത്. കാട്ടിലെ രാജാവ് എന്ന വിശേഷണമുള്ള സിംഹത്തെക്കാള്‍ ഗാംഭീര്യത്തിലും മുന്നിലാണ് കടുവ.

കടുവയുടെ ഗര്‍ജ്ജനം 3 മുതല്‍ 4കിലോ മീറ്റര്‍ അകലെ വരെ പ്രകമ്പനം കൊള്ളും. ലോകത്തിലെ ഏറ്റവും ആകര്‍ഷക സൗന്ദര്യമുള്ള മൃഗവും കടുവ തന്നെ. ജനപ്രീതിയുടെ കാര്യത്തിലും കടുവ തന്നെ താരം. ആനിമല്‍ പ്ലാനറ്റ് നടത്തിയ ഒരു സര്‍വേയില്‍ 70% ആളുകളാണ് ഇഷ്ട മൃഗമായി കടുവയെ തിരഞ്ഞെടുത്തത്.

ഇനി പറയുന്നത് നമ്മള്‍ എന്തുകൊണ്ട് സിംഹത്തെ കാട്ടിലെ രാജാവായി വാഴിച്ചു എന്നാണ്. സിംഹം ഒരു സമൂഹജീവിയാണ്. കൂട്ടമായിട്ടാണ് എപ്പോഴും ജീവിക്കുന്നതും സഞ്ചരിക്കുന്നതും വേട്ടയാടുന്നതും. പ്രൈഡ് എന്ന് വിളിക്കുന്ന സിംഹങ്ങളുടെ സാമൂഹിക വ്യവസ്ഥിതിയില്‍ ആ കൂട്ടത്തിനെ നയിക്കാന്‍ ഒരു നേതാവ് ഉണ്ടാകും. മിക്കപ്പോഴും ഇതൊരു പെണ്‍സിംഹമായിരിക്കും. അനേകം പെണ്‍സിംഹങ്ങളും പ്രായപൂര്‍ത്തിയാവാത്ത ആണ്‍ സിംഹങ്ങളുമടങ്ങിയതാണ് സിംഹത്തിന്റെ സാമൂഹിക ജീവിതവ്യവസ്ഥ. ശരാശരി 15 അംഗങ്ങള്‍ ഉള്ള ഒരു പ്രൈഡില്‍ ഏതാനും മുതിര്‍ന്ന പെണ്‍സിംഹങ്ങളും നാലുവരെ ആണ്‍ സിംഹങ്ങളും ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളും ഉണ്ടാവും. രണ്ടുമൂന്നു വയസ്സാവുന്നതോടെ ആണ്‍സിംഹങ്ങള്‍ കൂട്ടത്തില്‍ നിന്നും മാറും. ഏതാണ്ട് ഒരു കൊല്ലക്കാലം അലഞ്ഞു തിരിഞ്ഞ് ജീവിതാനുഭവം ഉണ്ടായതിന് ശേഷമേ ഇങ്ങനെ കൂട്ടം വിടുന്ന ആണ്‍ സിംഹങ്ങള്‍ക്ക് മറ്റൊരു പ്രൈഡില്‍ സ്ഥാനം ലഭിക്കുകയുള്ളു. മിക്കവാറും ഒരു ഇണയുമായി മാത്രമേ പെണ്‍സിംഹങ്ങള്‍ക്ക് സഹവാസമുള്ളു. ചിലപ്പോള്‍ ഒന്നോ അതിലധികമോ ആണ്‍ സിംഹങ്ങള്‍ ഈ കൂട്ടത്തിന്റെ നേതാവായി വരാറുണ്ടെങ്കിലും അവസാനവാക്ക് കൂട്ടത്തിലെ ഏറ്റവും കരുത്തയായ പെണ്‍സിംഹത്തിന്റേതാണ് എന്നതാണ് ഏറ്റവും രസകരം.

കടുവയേയും സിംഹത്തെയും പറ്റിയുള്ള ഏറ്റവും വലിയ കൗതുകം രണ്ട് പേരും ഒരുമിച്ച് ഒരു കാട്ടില്‍ കാണില്ല എന്നതാണ്. അപൂര്‍വ്വമായെങ്കിലും ഇരുവരും തമ്മില്‍ കാണാന്‍ സാധ്യതയുള്ള ഒരേ ഒരിടം ഇന്ത്യയാണ്. ഇന്ത്യയില്‍ സിംഹങ്ങള്‍ കാണപ്പെടുന്ന ഒരേയൊരു സ്ഥലമായ ഗിര്‍ വനം മാത്രമാണ് ലോകത്ത് സിംഹവും കടുവയും മുഖാമുഖം കാണാന്‍ സാധ്യതയുള്ള ഒരേയൊരു കാട്. അതും വളരെ വിരളമായ സാധ്യത മാത്രം. കഴിഞ്ഞ 27 വര്‍ഷത്തിനുള്ളില്‍ 2019ലാണ് ഗുജറാത്തിലെ ലുനാവാഡയില്‍ ആദ്യമായി ഒരു കടുവയെ കണ്ടെത്തുന്നത്. മധ്യപ്രദേശിലെ രാതാപാനി ടൈഗര്‍ റിസര്‍വില്‍ നിന്നും രണ്ടുകൊല്ലം കൊണ്ട് 300 കിലോമീറ്റര്‍ സഞ്ചരിച്ച് അവിടെ എത്തിയതാവും ആ കടുവ എന്നാണ് നിഗമനം. കണ്ടെത്തി കുറച്ച്ദിവസങ്ങള്‍ക്കകം തന്നെ അത് പട്ടിണിമൂലം ചാകുകയും ചെയ്തു.

കടുവയോ സിംഹമോ ആരാണ് മിടുക്കന്‍ എന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. ചരിത്രാതീത കാലം മുതല്‍ റോമാ ചക്രവര്‍ത്തിമാരുള്‍പ്പെടെ പലരുടേയും ഒരു പ്രധാന വിനോദമായിരിന്നു ഏറ്റവും കരുത്തന്‍മാരായ ആഫ്രിക്കന്‍ സിംഹങ്ങളെയും ബംഗാള്‍ കടുവകളെ തമ്മില്‍ പരസ്പരം പോരടിപ്പിക്കുക എന്നത്. ഇത്തരം കടുവ – സിംഹ പോരില്‍ ഏറിയ പങ്കും കടുവകള്‍ സിംഹത്തെ കൊന്നു കളയുകയായിരുന്നു പതിവ് എന്നതാണ് മറ്റൊരു കൗതുകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News