ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞു

ഫെബ്രുവരി മൂന്നിന് അവസാനിച്ച കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞതായി റിപ്പോര്‍ട്ട്. 1.494 ബില്യണ്‍ ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ 575.267 ബില്യണ്‍ ഡോളറായി കരുതല്‍ ശേഖരം കുറഞ്ഞു. ഇതിന് മുമ്പ് തുടര്‍ച്ചയായി മൂന്ന് ആഴ്ചകളിൽ ശേഖരത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ ആഴ്ചയിലെ കുറവ് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഫെബ്രുവരി മൂന്നിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ കണക്കുകള്‍ പ്രകാരം മൊത്തശേഖരം 3.03 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 576.76 ഡോളറിലെത്തിയിരുന്നു. 2021 ഒക്ടോബറിലായിരുന്നു രാജ്യത്തിന്റെ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിലയായ 645 ബില്യണ്‍ ഡോളറിലെത്തിയത്. എന്നാല്‍ ആഗോള സമ്മര്‍ദ്ദങ്ങള്‍ മൂലം രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടർന്ന് ശേഖരം വിറ്റഴിക്കുകയായിരുന്നു.

ആര്‍.ബി.ഐ പുറത്തുവിട്ട പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റിലെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം വിദേശ കറന്‍സി ആസ്തി 1.323 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 507.695 ബില്യണ്‍ ഡോളറിലെത്തി. യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ കറന്‍സികളുടെ മൂല്യം ശക്തിയാര്‍ജിക്കുന്നതിന്റെയോ മൂല്യത്തകര്‍ച്ചയുടെയോ ആകെ ഫലമാണ് വിദേശ കറന്‍സി ആസ്തി.

കരുതല്‍ ശേഖരത്തിലെ കുറവാണ് അയല്‍രാജ്യമായ ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാനുള്ള ഒരു കാരണം. കരുതല്‍ ശേഖരത്തില്‍ നിരന്തരം ഇടിവുണ്ടാകുന്നത് കറന്‍സിയുടെ അസ്ഥിരതയ്ക്കും വിദേശവിനിമയ ശേഖരത്തിനും വെല്ലുവിളി സൃഷ്ടിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News