എസ്.ബി.ഐയില്‍ നിന്ന് വായ്പയെടുത്ത് അദാനി; ഈട് നല്‍കിയത് സ്വന്തം ഓഹരികള്‍

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മൂല്യം കൂപ്പുകുത്തിയതോടെ അധിക ഓഹരികള്‍ എസ് ബി ഐ വായ്പയ്ക്ക് ഈടുനല്‍കി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ് കമ്പനികളുടെ കീഴിലുള്ള മൂന്ന് കമ്പനികളുടെ ഓഹരികളാണ് പണയം വെച്ചതെന്നാണ് റിപ്പോര്‍ട്ട്. അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെ 75,00,000 ഓഹരിയും അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിന്റെ 13 ലക്ഷം, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ 65 ലക്ഷം ഓഹരികളുമാണ് ഈടുവച്ചത്. ‘സെക്യൂരിറ്റി ട്രസ്റ്റി’എന്ന നിലയിലാണ് ഈട് സ്വീകരിച്ചതെന്ന് എസ്ബിഐ ക്യാപ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഫയല്‍ ചെയ്ത രേഖകളില്‍ പറയുന്നു.

ഓസ്ട്രേലിയയിലെ അദാനി ഗ്രൂപ്പിന്റെ കാര്‍മൈക്കല്‍ കല്‍ക്കരി ഖനന പദ്ധതിക്കായി 2475 കോടി രൂപയുടെ (300 മില്യണ്‍ ഡോളര്‍) വായ്പയുടെ ഗ്യാരന്റിയുടെ ഭാഗമായാണ് അധിക ഓഹരി സ്വീകരിച്ചതെന്ന് എസ് ബി ഐ പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ മാസാവസാനവും വിപണിയിലെ നഷ്ടം വിലയിരുത്തി അധിക ഓഹരി ആവശ്യമുണ്ടോയെന്ന് പരിശോധിക്കാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. ജനുവരി 24ന് പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനിയുടെ വിപണിമൂല്യത്തില്‍ 8,20,000 കോടിരൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഏറ്റവുമൊടുവില്‍, അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസ് നാല് അദാനി കമ്പനിയുടെ റേറ്റിങ് നെഗറ്റീവിലേക്ക് തരംതാഴ്ത്തി.

അദാനി ഗ്രൂപ്പ് നല്‍കിയ ഏറ്റവും പുതിയ വിഹിതം ഉപയോഗിച്ച്, ഈ പ്രോജക്റ്റിനായി പണയം വച്ചിരിക്കുന്ന ഷെയറുകളുടെ ശതമാനം മൂന്ന് കമ്പനികളുടേത് യഥാക്രമം 1.06%, 1.00%, 0.55% എന്നിങ്ങനെയാണ്. ഏറ്റവും ഒടുവിലായി നല്‍കിയിരിക്കുന്ന ഈട് പ്രകാരം ആസ്തികള്‍ക്ക് മേലെയുള്ള അധിക ഈട് സെക്യൂരിറ്റി മാത്രമാണെന്നും പണയം വെച്ച അത്തരം ഓഹരികള്‍ക്ക് എസ്ബിഐ അധിക ധനസഹായം നല്‍കില്ലെന്നും എസ് ബി ഐ റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ തട്ടിപ്പ് ആരോപണത്തില്‍ നിന്നുള്ള വീഴ്ച അദാനി ഗ്രൂപ്പിനെ വലിയ തോതിലാണ് ബാധിച്ചത്. അതിന്റെ ഫലമായി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് രണ്ട് അദാനി ഗ്രൂപ്പ് സ്റ്റോക്കുകള്‍ ഹ്രസ്വകാല അഡീഷണല്‍ സര്‍വൈലന്‍സ് മെഷര്‍ ചട്ടക്കൂടില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഭാവിയില്‍ ഓഹരിവിപണിയില്‍ ആദാനി ഗ്രൂപ്പിനെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കാര്യമായി ബാധിക്കും എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News