രാജ്യത്തെ അരിയും ഗോതമ്പുമടക്കമുള്ള അവശ്യ ഭക്ഷ്യവസ്തുക്കളുടെ ശരാശരി വില കഴിഞ്ഞ അഞ്ച് വര്‍ഷം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. 2018 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് വര്‍ധനവ് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. ഏറ്റവും അത്യാവശ്യമുള്ള 22 ഭക്ഷ്യ ഉത്പന്നങ്ങളുടെ ശരാശരി വിലയുടെ കണക്കുകളാണ് ഭക്ഷ്യ- ഉപഭോക്തൃകാര്യ സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി രാജ്യസഭയില്‍ അവതരിപ്പിച്ചത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഗോതമ്പിന്റെ വില 25 ശതമാനം ഉയര്‍ന്നപ്പോള്‍ അരിയുടെ വില 23 ശതമാനം വര്‍ധിച്ചു.
2018ല്‍ 30.05 ആയിരുന്ന അരിയുടെ ശരാശരി വില കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 37.03 രൂപയായി ഉയര്‍ന്നിരുന്നു. ഗോതമ്പിന്റെ വില കിലോയ്ക്ക് 24.2 രൂപയില്‍ നിന്ന് 30.15 രൂപയായി. ആട്ടയുടെ നിരക്ക് 26.43 രൂപയില്‍ നിന്ന് 34.5 രൂപയായി ഉയര്‍ന്നു.
പയര്‍ വര്‍ഗങ്ങളില്‍, തുവരപ്പരിപ്പിന്റെ വില 2018ല്‍ കിലോക്ക് ഉണ്ടായിരുന്ന 66.47 രൂപയില്‍ നിന്ന് 73.66 രൂപയായി. ഉഴുന്ന് പരിപ്പിനും വില വലിയ തോതില്‍ കൂടി. അതേസമയം മസോര്‍ പരിപ്പിന്റെ വില കിലോക്ക് 61.29 രൂപയില്‍ നിന്ന് 96.21 രൂപയായി വര്‍ധിച്ചു. പച്ചക്കറിയുടെ വിലയിലും ക്രമാതീതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ ഉടനീളമുള്ള 340 മാര്‍ക്കറ്റ് കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃകാര്യ വകുപ്പ് 22 അവശ്യ സാധനങ്ങളുടെ വില വിവര പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
ധാന്യങ്ങളുടെ വന്‍ വിലക്കയറ്റത്തിന് കാരണങ്ങളായി ആഗോളതലത്തില്‍ സംഭവിച്ച കുറച്ച് കാര്യങ്ങളാണ് മന്ത്രി സൂചിപ്പിച്ചത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിച്ച റഷ്യ-യുക്രെയ്ന്‍ യുദ്ധം റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മന്ത്രി പറഞ്ഞു.
പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതിനെ തരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവകാശപ്പെടുന്നത്. ഭക്ഷ്യ എണ്ണയുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പാം ഓയില്‍, സോയാബീന്‍ ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ ഇറക്കുമതി തീരുവ പൂജ്യമാക്കി കുറച്ചുവെന്നും ഈ എണ്ണകളുടെ അഗ്രിസെസ് 5 ശതമാനമായി കുറച്ചിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here