വെറും പശു രാഷ്ട്രീയ പശു ആയതെങ്ങനെ?

പൊടുന്നനെ ഒരു ദിവസം നമ്മുടെയെല്ലാം സോഷ്യല്‍ മീഡിയ സ്‌ക്രോളുകളിലേക്ക് പശു കയറി വന്നത് യാദൃശ്ചികമായല്ല. വേദകാലങ്ങള്‍ മുതല്‍ക്കേ നമ്മുടെയൊക്കെ തൊഴുത്തുകളില്‍ ഐശ്വര്യത്തിന്റെ സൈറണ്‍ മുഴക്കികൊണ്ടിരുന്ന പാവം പശു രാഷ്ട്രീയ പശുവായതും യാദൃശ്ചികമായല്ല. എന്താണ് ഈ പശു പൊളിറ്റിക്‌സിന് പിന്നില്‍ ? സംഘപരിവാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിജയകരമായി നടത്തി വരുന്ന ഈ പശു പ്രേമ പ്രൊപ്പഗാണ്ടയുടെ ഇഴയൊന്ന് കീറി നോക്കാം .

ജമദഗ്‌നി മഹര്‍ഷിയുടെ കാമധേനുവായും, ദക്ഷപ്രജാപതിയുടെ സുരഭിയായും ശ്രീകൃഷ്ണന്റെ പൈക്കിടാങ്ങളായുമെല്ലാം പശു ഇന്ത്യന്‍ ഹിന്ദു മിത്തോളജിയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് . മാത്രമല്ല കൃഷി നട്ടെല്ലായ ഒരു രാജ്യമെന്ന നിലയ്ക്ക് പശുവും കാളയും പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ വലിയൊരു വിഭാഗത്തിന്റെ ജീവിതത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗവുമാണ്. ഈ രണ്ട് പോയിന്റുകളും ഒന്ന് കൂട്ടിക്കെട്ടിയാല്‍ സമൂഹത്തില്‍ അത് വലിയ ചര്‍ച്ച സൃഷ്ടിക്കുമെന്ന് മനസിലാക്കാന്‍ രാഷ്ട്രീയ നയ തന്ത്രത്തില്‍ ബിരുദമൊന്നും വേണ്ട. വളരെ ലളിതമായ ഈ യുക്തി വച്ചാണ് സംഘപരിവാര്‍ കഴിഞ്ഞ കാലങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വരെ നടത്തിയത്.

പോത്തിറച്ചി അല്ലെങ്കില്‍ ബീഫ് മുഖ്യ ഭക്ഷണം പോലെ തന്നെ ഉപയോഗിക്കുന്നവരും പശുവിനെ വിശ്വാസങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ളവരും ഒരുമിച്ച് കഴിയുന്നിടത്ത്, അവര്‍ക്കിടയില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ഇതിലും നല്ലൊരു ടൂള്‍ വേറെയുണ്ടോ?
ന്യൂനപക്ഷത്തെ അക്രമിക്കാനും അന്യവല്ക്കരിക്കാനും ഉള്ള ഉപാധിയില്‍ നിന്ന്, ഏറ്റവും എളുപ്പത്തില്‍ സമൂഹത്തിന്റെ ശ്രദ്ധയെ മൊത്തത്തില്‍ തിരിപ്പിക്കാനുള്ള ഉപായമായി പശു എന്ന വാക്ക് മാറിയിരിക്കുന്നു. ഈ പ്രണയ ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യാനും പശുവിനെ ആദരിക്കാനുമെല്ലാം ആഹ്വാനം ചെയ്ത് ഇറക്കിയ ഉത്തരവടക്കമുള്ള പശു കേന്ദ്രീകൃത ചര്‍ച്ചകളെല്ലാം ഈ പശു പൊളിറ്റിക്‌സിന്റെ ഭാഗമാണ് .

പാശ്ചാത്യ ശൈലിയുടെ അമിതമായ അനുകരണവും അതിപ്രസരവുമാണ് ഇപ്പോള്‍ ഉള്ളതെന്നും അതില്‍ നിന്നും ഭാരതത്തിന്റെ പാരമ്പര്യത്തിലേക്കും സംസ്‌കാരത്തിലേക്കും മടങ്ങാനാണ് ഇത്തരമൊരു ആഹ്വാനമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. പാശ്ചാത്യ സംസ്‌കാരമെന്നു പറഞ്ഞ് കഴിഞ്ഞ പ്രണയ ദിനത്തില്‍ കുറുവടികളുമായി കമിതാക്കളെ ആട്ടിയോടിച്ച അതേ സംഘമാണ് പുതിയ പാരമ്പര്യബോധത്തിന്റെയും പ്രചാരകര്‍ എന്നതോര്‍ക്കണം. അപ്പോള്‍ യഥാര്‍ത്ഥ പ്രശ്‌നം പാശ്ചാത്യ അതിപ്രസരമൊന്നുമല്ല.

തിരഞ്ഞെടുപ്പ് അടുക്കുകയാണ്. ബി.ബി.സി ഡോക്യുമെന്ററിയും അദാനിയും ബജറ്റുമെല്ലാമായി രാഷ്ട്രീയ ഹിന്ദുത്വയുടെ ഭരണകൂടം കുറച്ചു ക്ഷീണത്തിലാണ് . വലിയ അധ്വാനമൊന്നുമില്ലാതെ ജനശ്രദ്ധ തിരിച്ച് ,പഴയ വിദ്വേഷ രാഷ്ട്രീയത്തിന്റെ പണി തുടങ്ങണം. അതിനായി ഭൂരിപക്ഷ മത പിന്തുണ നേടിയെടുക്കാന്‍ രാഷ്ട്രീയ ഹിന്ദുത്വ ഉപയോഗിക്കുന്ന മറമാത്രമാണ് പശു രാഷ്ട്രീയം.

ഇത്തരത്തിലൊരു ഉത്തരവിറക്കുമ്പോള്‍ സ്വാഭാവികമായും രാജ്യം മുഴുവന്‍ അത് ഏറ്റെടുക്കുകയും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വയ്ക്കുകയും ചെയ്യും . ചിലരെങ്കിലും പശുപ്രണയത്തെ കണ്ണുംപൂട്ടി ഏറ്റെടുക്കും.എതിര്‍ത്തും അനുകൂലിച്ചും രണ്ടു ചേരികള്‍ രൂപപ്പെടും. അത് സംഭവിച്ചു കഴിഞ്ഞു. ഇപ്പോള്‍ തന്ത്രപൂര്‍വം ഉത്തരവ് പിന്‍വലിക്കപ്പെട്ടിരിക്കുന്നു. പക്ഷെ അപ്പോഴേക്കും പശുവിനെ ആരാധിക്കുന്ന ഒരു കൂട്ടര്‍ക്കിടയില്‍ തങ്ങളുടെ സംസ്‌കാരപരമായ ഒന്ന് നിഷേധിക്കപ്പെട്ടതായ വികാരം സൃഷ്ടിക്കപ്പെട്ടിരിക്കാം, അവരില്‍ ഈര്‍ഷ്യ രൂപപ്പെടുക സ്വഭാവികം. മതി… അത്രയേ സംഘ പരിവാറിനും വേണ്ടിയിരുന്നുള്ളു.

ഇത് ആദ്യമല്ല. ഈ വീഞ്ഞ് മറ്റൊരു കുപ്പിയില്‍ നമ്മള്‍ നേരത്തെ കണ്ടതാണ്. വിദ്വേഷ രാഷ്ട്രീയത്തിന്റെ കര്‍ണ്ണാടക മോഡല്‍. പൊടുന്നനെ ഒരു ദിനം ഹിജാബ് നിരോധിച്ചു കൊണ്ട് കര്‍ണ്ണാടയില്‍ ഉത്തരവിറങ്ങുന്നു. ഹിജാബ് അവകാശമാണെന്ന് പറഞ്ഞ് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ മുന്നോട്ട് വരുന്നു . അങ്ങനെയെങ്കില്‍ എന്ത് കൊണ്ട് തങ്ങള്‍ക്ക് കാവി ഷാളുകള്‍ ധരിച്ചുകൂടാ എന്ന ചോദ്യം മറ്റു വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നു .അവര്‍ എന്നും ഞങ്ങള്‍ എന്നും രണ്ടു ചൂണ്ടുവിരലുകള്‍ ഉണ്ടാകുന്നു. നോക്കൂ എത്ര എളുപ്പത്തിലാണ് ഭിന്നിപ്പിന്റെ വേരുകള്‍ ഇവര്‍ നമുക്കിടയില്‍ ആഴ്ത്തുന്നതെന്ന്…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here