‘കാന്താര’ സിനിമയിലെ പാട്ടുവിവാദത്തിൽ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും നിർമാതാവ് വിജയ് കിരഗന്ദൂരും പൊലീസിന് മുൻപിൽ ഹാജരായി. കേസ് റെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കോഴിക്കോട് പൊലീസ് സ്റ്റേഷനിലാണ് നടനും നിർമ്മാതാവും ഹാജരായത്.
തൈക്കുടം ബ്രിഡ്ജ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൈക്കൂടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ തനിപ്പകർപ്പാണ് വരാഹരൂപം എന്നതാണ് പരാതി. വരാഹരൂപം അടങ്ങിയ സിനിമ പ്രദർശിപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കേസിന്റെ ഗൗരവം പരിഗണിച്ച കോടതി ഫെബ്രുവരി 12,13 തിയ്യതികളിൽ ഋഷഭ് ഷെട്ടിയോടും വിജയ് കിരഗന്ദൂരിനോടും പൊലീസിന് മുൻപിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു.
ഇതേത്തുടർന്നാണ് ഇവർ രണ്ടുപേരും ഇന്ന് കോഴിക്കോട് പോലീസ് സ്റ്റേഷനിൽ ഹാജരായത്. ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് അനിവാര്യമെങ്കിൽ നിബന്ധനകൾക്ക് വിധേയമായി ജാമ്യം അനുവദിക്കാമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. സെപ്റ്റംബർ 30ന് റിലീസ് ചെയ്ത കാന്താര വലിയ വിജയമാണ് ബോക്സ്ഓഫീസിൽ നേടിയത്. വിവിധ ഭാഷകളിലേക്ക് പടം റീമേക്ക് ചെയ്യാനുള്ള പദ്ധതികളും അണിയറപ്രവർത്തകർക്ക് ഉണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here