ബി.ബി.സിക്കും മുമ്പേ നടന്ന വാജ്പേയ്; മോദിയേയും വംശഹത്യയേയും തിരിച്ചറിഞ്ഞ മുൻ പ്രധാനമന്ത്രിയുടെ എഴുത്ത്

ആർ. രാഹുൽ

ജനുവരി 26ന് ഇന്ത്യയുടെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനം കടന്നുപോകുന്നത് ഒരു രാഷ്ട്രീയ ഭൂകമ്പത്തിന് ഇടയിലൂടെയാണ്. 2002ലെ ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബിബിസിയുടെ “ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ” എന്ന ഡോക്യുമെൻ്ററി സീരീസാണ് രാജ്യത്ത് ഇപ്പോൾ പൊട്ടിപുറപ്പെട്ടിരിക്കുന്ന രാഷ്ട്രീയ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.

21 വർഷങ്ങൾക്ക് മുമ്പ് 2001ലെ റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് നോവായി ഗുജറാത്തിൽ ഇരുപതിനായിരത്തോളം ആളുകൾക്ക് ജീവഹാനി സംഭവിച്ച മനുഷ്യനിർമ്മിതമല്ലാത്ത ഒരു ഭൂകമ്പമുണ്ടായി. രണ്ടായിരത്തോളം പേരുടെ ജീവനെടുത്ത അതേ ഗുജറാത്തിൽ 2002ൽ നടന്ന വംശഹത്യയുമായി ആ പ്രകൃതിദുരന്തത്തിന് ബന്ധമുണ്ടാകുന്നത് ഒരു പക്ഷേ യാദൃശ്ചികതയാവാം. വരും കാലത്ത് രാജ്യം മുഴുവൻ നേരിടാൻ പോകുന്ന രാഷ്ട്രീയ ദുരന്തത്തിൻ്റെ സൂചനയായിരുന്നോ അന്ന് പ്രകൃതി നൽകിയത്. എന്തായിരുന്നു ആ ദു:സൂചന എന്നറിയണമെങ്കിൽ നമ്മൾ ഒന്ന് ഫ്ലാഷ്ബാക്കിലേക്ക് പോകേണ്ടതുണ്ട്.

2001 ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ ഗുജറാത്തിലെ കച്ചിൽ ഉണ്ടായ ഭൂകമ്പത്തിൽ ഇരുപതിനായിരത്തോളം ആളുകൾക്ക് ജീവഹാനി സംഭവിച്ചു. തുടർന്ന് അന്നത്തെ മുഖ്യമന്ത്രിയായ കേശുഭായി പട്ടേൽ ദുരന്താനന്തര പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൻ പരാജയമായി മാറി. ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പരാജയം, അതിന് ശേഷം ഗുജറാത്തിൽ നടന്ന ഉപതെരഞ്ഞെടുകളിലെ പരാജയം; അധികാര ദു:ർവിനിയോഗം, കെടുകാര്യസ്ഥത തുടങ്ങിയ ആരോപണങ്ങളെ തുടർന്ന് 2001 ഒക്ടോബർ 2ന് ഒരു ഗാന്ധിജയന്തി ദിനത്തിൽ പട്ടേൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ദില്ലിയിൽ ദേശീയ സെക്രട്ടറി എന്ന നിലയിൽ രാഷ്ട്രീയ പ്രവർത്തനവുമായി സജീവമായിരുന്ന നരേന്ദ്ര മോദി പട്ടേലിൻ്റെ പിൻഗാമിയായി.

2001 ഒക്ടോബർ 7ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലെത്തിലേറി. നാലര മാസത്തിനുശേഷം 2002 ഫെബ്രുവരി 24ന് രാജ്‌കോട്ട് 2 മണ്ഡലത്തിൽ നിന്നും ഉപതെരഞ്ഞെടുപ്പിൽ അശ്വിൻ മേത്തയെ പരാജയപ്പെടുത്തി നിയമസഭാംഗമായി അധികാരം ഉറപ്പിച്ചു. മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ മൂന്നാംപക്കം ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന 58 കർസേവകർ ദുരൂഹമായ സാഹചര്യത്തിൽ ട്രെയിനിൽ ചുട്ടെരിക്കപ്പെട്ടു. ഈ സംഭവത്തെ തുടർന്ന് ഗുജറാത്തിൽ ഭയാനകമായ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടു. 2002ൽ ഗുജറാത്തിലുടനീളം അരങ്ങേറിയ കലാപത്തിൻ്റെ മറവിൽ ഏകദേശം 2000ത്തോളം മുസ്ലീങ്ങൾ വംശഹത്യക്കിരയായതായി അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഈ കണക്കുകൾ ശരിവെച്ചുകൊണ്ട് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ നേരിട്ടുള്ള പങ്ക് വെളിപ്പെടുത്തുന്ന ബിബിബിസി തയ്യാറാക്കിയ ഡോക്യുമെൻ്ററി ഇന്ത്യ – ദി മോദിക്വസ്റ്റ്യൻ എന്ന സീരീസാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ ഭൂകമ്പത്തിൻ്റെ പ്രധാന കാരണം.

ബിബിസിയുടെ ഡോക്യുമെൻ്ററി വരുന്നതിന് 21 കൊല്ലം മുമ്പ് കൃത്യമായി പറഞ്ഞാൽ വംശഹത്യ നടന്ന അതേ വർഷം തന്നെ ഗുജറാത്ത് വിഷയത്തിൽ തൻ്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം ഉപയോഗിച്ച് പ്രതികരിച്ച ഒരു കവി നമുടെ രാജ്യത്തുണ്ടായിരുന്നു. രാജ്യത്തിൻ്റെ പ്രധാനമന്ത്രിയും മോദിയുടെ പാർട്ടിയുടെ നേതാവുമായിരുന്നു ഈ കവി എന്നതാണ് ഏറ്റവും രസകരം. കലാപം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയോട് രാജധർമ്മം പാലിക്കാൻ നിർദ്ദേശിച്ച അടൽ ബിഹാരി വാജ്പേയ് എന്ന ബിജെപി നേതാവായിരുന്നു ആ കവി. അന്ന് വാജ്പേയ് എന്ന തൻ്റെ സമുന്നതനായ നേതാവിനെ പരിഹസിച്ച് ചിരിച്ച് “അതേ രാജധർമ്മമാണ് താൻ പാലിച്ചത്” എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. തൻ്റെ വാക്കുകളെ അവഗണിച്ച മോദിയോട് വാജ്പേയ് എന്ന രാഷ്ട്രീയക്കാരൻ ക്ഷമിച്ചുവെങ്കിലും അദ്ദേഹത്തിലെ കവി പൊറുക്കാൻ തയ്യാറായില്ല.

‘അധികാരം’ എന്ന കവിതയിലെ വരികളിലൂടെ ഗുജറാത്ത് വംശഹത്യക്കെതിരായി അദ്ദേഹം തൻ്റെ രോഷം പ്രകടിപ്പിച്ചു. ഇന്ന് ബിബിസിയുടെ ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ ഉയർത്തുന്നതും ആ വരികളിൽ നിറഞ്ഞു നിൽക്കുന്ന വസ്തുതകളാണ് എന്നത് ഒരുപക്ഷേ കാലത്തിൻ്റെ കാവ്യനീതിയാവാം. അതിലെ വരികൾ ഇപ്രകാരമാണ്

തീയിൽ കരിഞ്ഞ കുഞ്ഞുങ്ങൾ

ബലാൽക്കാരത്തിനിരയായ സ്ത്രീകൾ

വെന്തു വെണ്ണീറായ വീടുകൾ

സംസ്കാരത്തിനു സാക്ഷ്യപത്രങ്ങളാകുന്നില്ല.

ദേശസ്നേഹത്തിനു മുദ്രകളുമാകുന്നില്ല.

മൃഗീയതയുടെ വിളംബരങ്ങൾ മാത്രമാണത്.
ധർമച്യുതികൾ.

മുടിയന്മാരായ മക്കളെ ജനിപ്പിക്കുന്നതിലും ഉചിതം

അമ്മയുടെ വന്ധ്യതയാണ്.

നിഷ്കളങ്കരുടെ രക്തം പുരണ്ട
സിംഹാസനം

ശവപ്പറമ്പിലെ മൺതരിയേക്കാൾ നികൃഷ്ടമാണ്.

ഈ ഫ്ലാഷ്ബാക്കിൽ ഏറ്റവും രസകരം ഹരിയാനയുടേയും ഹിമാചൽപ്രദേശിൻ്റെയും ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറിയായി ദില്ലിയിൽ പ്രവർത്തിച്ചിരുന്ന മോദിയെ ഗുജറാത്തിലേക്ക് അയച്ച അതേ വാജ്പേയ് തന്നെയാണ് ഈ കവിത എഴുതിയിരിക്കുന്നത് എന്നതാണ്. മോദിയെ ആ ഉത്തരവാദിത്വം ഏൽപ്പിക്കാൻ ലാൽ കൃഷ്ണ അദ്വാനി എന്ന എൽ.കെ അദ്വാനിക്ക് പോലും അന്ന് താല്പര്യമുണ്ടായിരുന്നില്ല. പിൽക്കാലത്ത് വാജ്പേയിക്കും അതിൻ്റെ പേരിൽ നഷ്ടങ്ങളുണ്ടായി എന്ന് ചരിത്രം അടയാളപ്പെടുത്തുന്നു.

2002ലെ ഗുജറാത്ത് കലാപം ബിജെപിയുടെ തെറ്റാണെന്ന് അക്കാലത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി തന്നോട് സമ്മതിച്ചതായി 2001-2004 കാലത്ത് പ്രധാനമന്ത്രിയുടെ കശ്മീര്‍ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച എ.എസ് ദുലാത് വെളിപ്പെടുത്തിയിട്ടുണ്ട്. വാജ്പേയിയെ താൻ അവസാനമായി സന്ദർശിച്ചപ്പോഴാണ് അദ്ദേഹം തന്നോട് ഇങ്ങനെ പറഞ്ഞതെന്നാണ് ദുലാത്തിൻ്റെ വെളിപ്പെടുത്തൽ. 2004 പൊതു തെരഞ്ഞെടുപ്പിലെ പരാജയത്തിനും അധികാര നഷ്ടത്തിനും കാരണം ഗുജറാത്ത് കലാപമായിരുന്നെന്ന് വാജ്പേയി ഉറച്ചുവിശ്വസിച്ചതായും ദുലാത് പറഞ്ഞു. ‘കശ്മീര്‍: ദി വാജ്പേയി ഇയേഴ്സ്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനത്തിന് ശേഷം നല്‍കിയ അഭിമുഖത്തിലായിരുന്നു ദുലാത്തിൻ്റെ വെളിപ്പെടുത്തൽ.

മേയ് മാസത്തില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഉണ്ടായ പരാജയത്തിന്റെ പ്രധാന കാരണം ഗുജറാത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപമാണെന്ന് സാക്ഷാൽ വാജ്പേയി തന്നെ തുറന്നുപറഞ്ഞിരുന്നു. പരാജയത്തിന്റെ എല്ലാ കാര്യങ്ങളും കണ്ടെത്തുക വിഷമമാണ്. എന്നാല്‍ ഇതില്‍ ഗുജറാത്ത് കലാപത്തിന് പ്രധാന പങ്കുണ്ടെന്നത് മറക്കാനാവില്ല എന്നതായിരുന്നു തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഹിമാചല്‍പ്രദേശിലെ കുളു മണാലിയിൽ വിശ്രമത്തിനെത്തിയ വാജ്പേയി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഗുജറാത്ത് കലാപ വേളയില്‍ പ്രതിപക്ഷം അത് മുതലാക്കി. എന്നാല്‍ താന്‍ അവരെ അതിന് കുറ്റപ്പെടുത്തുന്നില്ല. രാഷ്ട്രീയത്തില്‍ ഇത് സ്വാഭാവികമാണ്. ഇനിയും ഇത്തരത്തില്‍ ഒരു കലാപം ഇന്ത്യയില്‍ ആവർത്തിക്കാൻ പാടില്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചു. അതാണ് ഈ ഫലത്തിന് കാരണമായതെന്നും അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇപ്പോളിതാ ഗുജറാത്ത് വംശഹത്യ വീണ്ടും ചർച്ചയാവുകയാണ്. മുഖ്യമന്ത്രിപദത്തിൽ നിന്നും പ്രധാനമന്ത്രിപദത്തിലെത്തിയ ശേഷം ചെയ്ത കാര്യങ്ങളും ഡോക്യുമെന്ററി വിലയിരുത്തുന്നുണ്ട്. ഇനി അതൊന്നും ഇന്ത്യയിൽ ആവർത്തിക്കാൻ പാടില്ല എന്ന് ജനങ്ങൾ വീണ്ടും തീരുമാനിക്കുമോ? ബിബിസി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് തുറന്നു വിട്ട ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ എന്ന ഭൂതം ബിജെപിക്കും മോദിക്കും അധികാരത്തിനിടയിലെ ചോദ്യചിഹ്നമായി മാറുമോ എന്നതിന് ഉത്തരം കിട്ടാൻ 2024 പൊതുതെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News