കനേഡിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത പേടകത്തെ വെടിവെച്ചിട്ടു

കനേഡിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത പേടകം വെടിവെച്ചിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. യുകോണ്‍ പ്രവിശ്യയിലാണ് സംഭവം. അമേരിക്കയുമായി നടത്തിയ സംയുക്ത നീക്കത്തിലാണ് അജ്ഞാത പേടകം വെടിവെച്ചിട്ടതെന്നും കനേഡിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റയും തന്റെയും നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്നും ട്രൂഡോ അറിയിച്ചു.അമേരിക്കന്‍ എഫ് 22 യുദ്ധവിമാനമാണ് പേടകം വെടിവച്ചിട്ടത്.

പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. അജ്ഞാത പേടകം എവിടെ നിന്നാണ് എത്തിയതെന്നോ എന്തായിരുന്നു പേടകത്തിന്റെ ലക്ഷ്യമെന്നോ വ്യക്തമല്ല. നേരത്തെ അമേരിക്ക വെടിവച്ചിട്ട ചൈനീസ് ചാരബലൂണിനെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞ വസ്തുവാണ് വെടിവെച്ചിട്ടത് എന്നാണ് കനേഡിയന്‍ പ്രതിരോധമന്ത്രി അനിത ആനന്ദ് വ്യക്തമാക്കിയത്.

പേടകം വെടിവച്ചിട്ടതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കനേഡിയന്‍ പ്രധാനമന്ത്രി സംസാരിച്ചു. അമേരിക്കന്‍ ഡിഫന്‍സ് സെക്രട്ടറി ലോയിഡ് ആസ്റ്റിനുമായി വിഷയം ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളുടേയും പരമാധികാരം എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും അനിത ആനന്ദ് ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News