കെ.പി.സി.സിയുടെ വിലക്ക് അവഗണിച്ച് പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം

കെ പി സി സിയുടെ വിലക്ക് അവഗണിച്ച് പത്തനംതിട്ടയില്‍ എ ഗ്രൂപ്പിന്റെ രഹസ്യയോഗം. മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കളായ ശിവദാസന്‍ നായര്‍ , പി മോഹന്‍രാജ്, ബാബു ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രഹസ്യയോഗം ചേര്‍ന്നത്. കെ പി സി സി ജനറല്‍ സെക്രട്ടറി പഴകുളം മധുവിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിട്ടതില്‍ ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെ നടപടി വേണമെന്നു ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലയിലെ എ ഗ്രൂപ്പ് കെ പി സി സിക്ക് പരാതി നല്‍കും.

മുന്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജിനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത പശ്ചാത്തലത്തിലാണ് എ ഗ്രൂപ്പ് യോഗം. പഴകുളം മധുവിനെ ഉപയോഗിച്ച് കെ സി വേണോപാല്‍ ജില്ലയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതിലും എ ഗ്രൂപ്പ് നേതാക്കള്‍ അസ്വസ്ഥരാണ്. നേരത്തെ ഡി സി സി ഓഫീസില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങളാണ് പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് വൈരം ആളിക്കത്തിച്ചിരിക്കുന്നത്.

ജില്ലാ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന യോഗത്തിനിടെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് നേരത്തെ ബാബു ജോര്‍ജ്ജിനെ കെ പി സി സി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ബാബു ജോര്‍ജ്ജ് വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിക്കുന്ന സി സി ടി വി ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു.

പുനസംഘടനയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടൂര്‍ പ്രകാശ് എം.പി, ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ നിന്നും മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ ചി.മോഹന്‍രാജും ബാബു ജോര്‍ജ്ജും ഇറങ്ങി പോയിരുന്നു. മാറ്റിനിര്‍ത്തിയവരെ കൂടി പുന:സംഘടനയില്‍ പരിഗണിക്കണമെന്ന ഇവരുടെ ആവശ്യം നിരാകരിക്കപ്പെട്ടതാണ് രൂക്ഷമായ തര്‍ക്കത്തിനും ഇറങ്ങിപ്പോക്കിനും വഴിതെളിച്ചത്. ഇറങ്ങിപ്പോയതിന് ശേഷം തിരികെയെത്തി ബാബു ജോര്‍ജ്ജ് യോഗം നടക്കുകയായിരുന്ന വാതില്‍ ചവിട്ടിത്തുറക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News