തിരുവനന്തപുരം പാറ്റൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് അടക്കം 4 പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഓംപ്രകാശിനെ കൂടാതെ സഹായികളായ വിവേക്, ശരത് കുമാര്‍, എസ് അബിന്‍ ഷാ എന്നിവര്‍ക്കെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിച്ചിരിക്കുന്നത്
കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ നിഥിനെയും സുഹൃത്തുക്കളായ ആദിത്യ, പ്രവീണ്‍, ടിന്റു ശേഖര്‍ എന്നിവരെ ഓം പ്രകാശിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വാഹനം തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് കേസ്. ഈ വര്‍ഷം ജനുവരി 9ന് രാവിലെ പാറ്റൂരിന് സമീപം വച്ചായിരുന്നു കൊലപാതക ശ്രമം അരങ്ങേറിയത്. ഓംപ്രകാശടക്കമുള്ള 13 പ്രതികളില്‍ ഒമ്പത് പ്രതികളെ ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മേട്ടുക്കട സ്വദേശികളായ ആസിഫ്, ആരിഫ് എന്നിവര്‍ക്ക് കണ്‍സ്ട്രഷന്‍ കമ്പനി ഉടമ നിഥിനുമായി ഉണ്ടായ സാമ്പത്തിക തര്‍ക്കങ്ങളാണ് അക്രമത്തിലേക്ക് എത്തിച്ചത്.
പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ഓംപ്രകാശ് അടക്കമുള്ളവര്‍ സംസ്ഥാനം വിട്ടു. കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജനുവരി 21ന് ആസിഫും ആരിഫും അടക്കം കേസിലെ ആദ്യത്തെ 4 പ്രതികളും വഞ്ചിയൂര്‍ കോടതിയില്‍ കീഴടങ്ങി. പീന്നീട് മറ്റ് അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
കൊലപാതക ശ്രമത്തിന്റെ സൂത്രധാരനായ ഓംപ്രകാശും മറ്റ് 3 പ്രതികളും കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. ഇവര്‍ക്കായി കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിരുന്നു. ഇതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്ന് ജനുവരി 8ന് രാത്രി നിഥിന്റെ നേതൃത്വത്തിലുള്ള സംഘം ആസിഫിന്റെയും ആരിഫിന്റെയും വീടുകയറി ആക്രമിച്ചിരുന്നു. ഇതിന് പ്രതികാരമായിരുന്നു ഓംപ്രകാശിന്റെ നേതൃത്വത്തില്‍ തൊട്ടടുത്തദിവസം പുലര്‍ച്ചെ നടന്ന വധശ്രമം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here