മോദി പറഞ്ഞത് കാമ്പില്ലാത്ത തമാശ; തെലങ്കാന മുഖ്യമന്ത്രി

ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും കാര്യക്ഷമതയില്ലാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് തെളിയിച്ചതായി  തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം ധനവിനയോഗ ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്ക് തെലങ്കാന നിയമസഭയില്‍ മറുപടി പറയുന്നതിനിടയിലാണ്  ചന്ദ്രശേഖര്‍ റാവു നരേന്ദ്ര മോദിയെ പരാജിതനെന്ന് വിശേഷിപ്പിച്ചത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മോദിയേക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കിയില്ല, നിശബ്ദമായി തന്റെ കടമ നിര്‍വ്വഹിച്ചു എന്നും  ചന്ദ്രശേഖര്‍ റാവു പറഞ്ഞു.2023-24 വര്‍ഷത്തില്‍  ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ വളര്‍ച്ച  സമ്പദ്വ്യവസ്ഥ കൈവരിക്കുകയെന്ന മോദി സര്‍ക്കാരിന്റെ ലക്ഷ്യത്തെ ”കാമ്പില്ലാത്ത  തമാശ” എന്നും തെലങ്കാന മുഖ്യമന്ത്രി പരിഹസിച്ചു.

ഒരു രാജ്യത്തിന്റെ ആളോഹരി വരുമാനം ഇന്ത്യയുടെ  യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുത്തും. 192 ലോകരാജ്യങ്ങളില്‍, പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ നൂറ്റിമുപ്പത്തിയൊമ്പതാം സ്ഥാനത്താണ്. ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക എന്നിവപോലും ഇന്ത്യയേക്കാള്‍  വളരെ മുന്നിലാണെന്നതും ചന്ദ്രശേഖര റാവു ചൂണ്ടിക്കാണിച്ചു. പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടക്കേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ബിജെപി മറ്റ് പാര്‍ട്ടികളിലെ അംഗങ്ങളെ  നിശബ്ദരാക്കുകയാണെന്നും  അദ്ദേഹം കുറ്റപ്പെടുത്തി.

മന്‍മോഹന്‍ സിംഗ് ഭരണം തുടര്‍ന്നിരുന്നെങ്കില്‍ തെലങ്കാനയുടെ ജിഎസ്ഡിപി (മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനം) ഇപ്പോഴുള്ള 13 ലക്ഷം കോടിയില്‍ നിന്ന് 16 ലക്ഷം കോടി രൂപയാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . ബിജെപിയുടെ കാര്യക്ഷമതയില്ലാത്ത ഭരണം മൂലം സംസ്ഥാനത്തിന് 3 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

മോദി കൂടുതല്‍ മെച്ചപ്പെട്ട ഭരണം നല്‍കുമെന്ന് പ്രതീക്ഷിച്ചാണ് ജനങ്ങള്‍ ബിജെപിക്ക്  വോട്ട് ചെയ്തത്. കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ബിജെപി അധികാരത്തിലെത്തിയപ്പോള്‍ രാജ്യം വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വീണപോലത്തെ അവസ്ഥയിലായി എന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News