തുര്‍ക്കി-സിറിയ മരണസംഖ്യ അരലക്ഷം പിന്നിട്ടേക്കുമെന്ന് യു എന്‍

തുര്‍ക്കിയിലും സിറിയയിലും വ്യാപകനാശം വിതച്ച പ്രകമ്പനം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു. നിലവില്‍ മരണ സംഖ്യ 34,000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മരണസംഖ്യ 50,000 പിന്നിട്ടേക്കുമെന്ന് യു എന്‍ ദുരിതാശ്വാസ വിഭാഗം മേധാവിയുടെ വിലയിരുത്തല്‍. മാര്‍ട്ടിന്‍ ഗ്രിഫിത്സ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തകര്‍ന്നുവീണ കൂറ്റന്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും പതിനായിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് നിഗമനം.

ഓരോ ദിവസവും രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മൃതദേഹം കണ്ടെടുക്കുന്നുണ്ട്. ദുരന്തം നടന്ന് ഒരാഴ്ച ആയതോടെ ഇനിയും കൂടുതല്‍പേരെ ജീവനോടെ രക്ഷിക്കുക ദുഷ്‌കരമാണ് എന്നാണ് വിലയിരുത്തലുകള്‍. യു എന്‍ റിപ്പോര്‍ട്ട് പ്രകാരം തുര്‍ക്കിയില്‍ മാത്രം 2.6 കോടി ജനങ്ങളെ ഭൂകമ്പം ബാധിച്ചു. സിറിയയില്‍ മാത്രം 53 ലക്ഷം പേര്‍ ഭവനരഹിതരുമായി.

തുര്‍ക്കിയിലും സിറയയിലും ദുരിതബാധിത മേഖലയിലെ കുറ്റകൃത്യങ്ങള്‍ നിര്‍ബാധം തുടരുകയാണ്. ദുരിത ബാധിത പ്രദേശങ്ങളില്‍ മോഷണം നടത്താന്‍ ശ്രമിച്ച 98 പേരെ തുര്‍ക്കി പൊലീസ് പിടികൂടി. ഇവരില്‍നിന്ന് തോക്കുകള്‍ ഉള്‍പ്പെടെ കണ്ടെടുത്തു. ഇതിനിടെ ഭൂകമ്പബാധിത പ്രദേശമായ ഹതായ് മേഖലയില്‍ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടിയത് രക്ഷാപ്രവര്‍ത്തനത്തിനും തടസ്സമായി. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരാനാകില്ലെന്ന് വ്യക്തമാക്കി ജര്‍മന്‍, ഓസ്ട്രിയന്‍ സംഘം താല്‍ക്കാലികമായി ഭൂകമ്പബാധിത മേഖലയിലെ തിരച്ചില്‍ നിര്‍ത്തിവെച്ചു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി രാജ്യത്ത് എത്തിയ മറ്റു രാജ്യങ്ങളിലെ ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന് തുര്‍ക്കി സൈന്യം ഉറപ്പുനല്‍കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ്  റജബ് തയ്യിപ് എര്‍ദോഗന്‍ വ്യക്തമാക്കി.

അതേസമയം സിറിയയിലെ വിമതമേഖലയിലെ ദുരന്തമേഖലയില്‍  സഹായം എത്തിക്കുന്നതില്‍ യു എന്‍ പരാജയപ്പെട്ടതായി യു എന്‍ ദുരിദാശ്വാസ മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്സ് കൂട്ടിച്ചേര്‍ത്തു. ‘വടക്കുപടിഞ്ഞാറന്‍ സിറിയ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇനിയും വരാത്ത അന്താരാഷ്ട്ര സഹായത്തിനായി അവര്‍ കാത്തിരിക്കുന്നു’ എന്നാണ് ഗ്രിഫിത്സ് ട്വിറ്ററില്‍ കുറിച്ചത്. യു എന്‍ സഹായം ലഭിക്കാത്തതിനെതിരെ ഇഡ് ലിബ് പ്രവിശ്യയിലെ ജന്‍ദാരിസില്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ പ്രതിഷേധവും നടത്തി. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് മുകളില്‍ യുഎന്‍ പതാക തലകീഴായി ഉയര്‍ത്തിയായിരുന്നു ദുരിതബാധിതരുടെ പ്രതിഷേധം.

ഒരു ഭാഗത്ത് മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കുകയും മറ്റൊരു ഭാഗത്ത് ആയിരങ്ങളുടെ പലായനവും. ഭൂകമ്പത്തിന് ശേഷമുള്ള തുര്‍ക്കിയിലേയും സിറിയയിലേയും ജനങ്ങള്‍ ഈ നൂറ്റാണ്ടിലെ തന്നെ വലിയ ദുരിതത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. പ്രതിസന്ധി രൂക്ഷമാകുന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ സഹായവുമായി രംഗത്തെത്തുമെന്നാണ് വിദേശ വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഇതിനിടെ തുര്‍ക്കിയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവര്‍ സുരക്ഷിതരാണെന്നും ഇന്ത്യന്‍ വിദേശകാര്യ വിദേശ മന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News