പ്രൈം വോളിബോള്‍ ലീഗില്‍ ബംഗളുരു ടോര്‍പ്പിഡോസിന് ആദ്യ ജയം. മുംബൈ മിറ്റിയോര്‍സിനെ 4-1നാണ് ബംഗളൂരു തോല്‍പിച്ചത്. കളിയുടെ ആദ്യാവസാനം മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച ബംഗളൂരു താരം ഷ്വെറ്റെലിന്‍ സ്വെറ്റനോവ് മത്സരത്തിലെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരുവിലെ കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-10, 12-15, 15-13, 15-9, 15-9 എന്ന സ്‌കോറിനാണ് ആതിഥേയരുടെ വിജയം.
വളരെ മികച്ച മുന്നൊരുക്കവുമായി പിഴവുകള്‍ വരുത്താതെ സോഫ്റ്റ് സെര്‍വുകളുമായിട്ടാണ് ടോര്‍പ്പിഡോസ് കളി ആരംഭിച്ചത്. ഷ്വെറ്റനോവ്, ഐബിന്‍, മുജീബ് എന്നിവര്‍ മികച്ച സ്പൈക്കുകളിലൂടെ ടീമിനായി പോയിന്റുകള്‍ നേടിയതോടെ ടീം വിജയത്തിലേക്ക് കുതിച്ചു. സ്വെറ്റനോവിന്റെ മാരകമായ സ്പൈക്കുകള്‍ തടയാന്‍ മുംബൈ മിറ്റിയോര്‍സ് നായകന്‍ കാര്‍ത്തിക്കിനും ബ്രാന്‍ഡന്‍ ഗ്രീന്‍വേയ്ക്കും കഴിഞ്ഞില്ല.
മുംബൈ താരം അനു ജെയിംസിന്റെ സ്പൈക്കുകള്‍ ബെംഗളൂരു ക്യാപ്റ്റന്‍ പങ്കജ് ശര്‍മ നിരന്തരം തടഞ്ഞതും ആതിഥേയരുടെ വിജയത്തില്‍ നിര്‍ണ്ണായകമായി. മധ്യനിരയില്‍ ഫലപ്രദമായ ആശയവിനിമയം ഇല്ലാത്തത് മുംബൈക്ക് തിരിച്ചടിയായി. ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെ ഫോമില്ലായ്മയും അനാവശ്യ പിഴവുകളും മുംബൈക്ക് പ്രതികൂലമായി.
അതേ സമയം ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനോട് തോറ്റു. 4-1നാണ് കൊല്‍ക്കത്തയുടെ ജയം. 15-9, 15-11, 15-14, 15-11, 12-15 എന്നിങ്ങനെയാണ് സ്‌കോര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here