പുതിയ രണ്ട് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ അംഗബലം അതിന്റെ പരമാവധിയിലേക്ക് എത്തി. സുപ്രീംകോടതി ജഡ്ജിമാരായി ജസ്റ്റിസ് രാജേഷ് ബിന്ദാലും ജസ്റ്റിസ് അരവിന്ദ് കുമാറും സത്യപ്രതിജ്ഞ ചെയ്തതോടെയാണ് ജഡ്ജിമാരുടെ എണ്ണം 34 എന്ന സമ്പൂര്‍ണ്ണ ശേഷിയിലേക്ക് എത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
രാജേഷ് ബിന്ദല്‍ അലഹബാദ് ഹൈക്കോടതിയിലും അരവിന്ദ് കുമാര്‍ ഗുജറാത്ത് ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസുമാരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇരുവരെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച്ചയാണ് പുറത്തിറങ്ങിയത്. ജനുവരി 31നാണ് രണ്ട് ജഡ്ജിമാരുടെയും പേരുകള്‍ സുപ്രീംകോടതി കൊളീജിയം കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത്. 2025 ഏപ്രില്‍ 16 വരെയാണ് ജസ്റ്റിസ് രാജേഷ് ബിന്ദലിന്റെ കാലാവധി. ജസ്റ്റിസ് അരവിന്ദ് കുമാറിന് മൂന്ന് വര്‍ഷത്തിലധികമാണ് സേവനകാലാവധി. 2026 ജൂലൈ 13നാണ് അദ്ദേഹം വിരമിക്കുക.
കഴിഞ്ഞയാഴ്ച്ച അഞ്ചു പേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചിരുന്നു. വിവിധ ഹൈക്കോടതി ജഡ്ജിമാരായിരുന്ന ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് പിവി സഞ്ജയ് കുമാര്‍, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് ഫെബ്രുവരി ആറിന് സുപ്രീംകോടതിയില്‍ ജഡ്ജിമാരായി സ്ഥാനമേറ്റത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here