കോട്ടയം മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. രോഗികള്‍ കിടക്കുന്ന സ്ഥലത്തല്ല തീപിടിത്തമുണ്ടായത്. പുതിയതായി സര്‍ജിക്കല്‍ ബ്ലോക്ക് പണിതുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിലാണ്. അതുകൊണ്ട് രോഗികള്‍ക്ക് മറ്റേതെങ്കിലും ആപത്തോ അപകടങ്ങളോ ഉണ്ടായിട്ടില്ല. നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് തീ അണക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമാകും എന്ന സ്ഥിതി വിശേഷമാണ് ഉള്ളതെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.
പുക ഉയരുന്നത് കാരണമുള്ള പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ ഇതിനോടകം തന്നെ നടത്തിയതായും സമീപ വാര്‍ഡുകളില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടതായാണ് അഗ്നിരക്ഷാ സേന നല്‍കുന്ന വിവരം. തീപിടിച്ച കെട്ടിടത്തില്‍ തൊഴിലാളികള്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നും അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here