തമിഴ്പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിക്കുന്നതായി വെളിപ്പെടുത്തല്‍

എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന അവകാശ വാദവുമായി തമിഴ് നാഷണല്‍ മൂവ്‌മെന്റ് (ടിഎന്‍എം) നേതാവ് പി. നെടുമാരന്‍. 2009 മേയില്‍ ശ്രീലങ്കന്‍ സൈന്യം വധിച്ചു എന്ന് അവകാശപ്പെടുന്ന പ്രഭാകരനുമായി  ആശയവിനിമയം നടത്താറുണ്ടെന്നാണ് നെടുമാരന്റെ അവകാശവാദം. പ്രഭാകരന്‍
ആരോഗ്യവാനായിരിക്കുന്നുവെന്നും നിലവില്‍ എവിടെയാണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കിയ നെടുമാരന്‍ ഉചിതമായ സമയത്ത് പ്രഭാകരന്‍ വെളിയില്‍വരുമെന്നും പറയുന്നു. പ്രഭാകരന്റെ  കുടുംബത്തിന്റെ അനുമതിയോടെയാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും നെടുമാരന്‍ വ്യക്തമാക്കി. തഞ്ചാവൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടിഎന്‍ എം നേതാവ്.

ശ്രീലങ്കയിലെ നിലവിലെ സാഹചര്യം പ്രഭാകരന് പുറത്തുവരാനുള്ള ഏറ്റവും യോജിച്ച സമയമാണ്. ഉചിതമായ സമയത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തി തമിഴ് ഈഴം സ്ഥാപിക്കാനുള്ള തന്റെ വിശദമായ പദ്ധതികളെക്കുറിച്ച്  പ്രഭാകരന്‍ വിശദീകരിക്കുമെന്നും നെടുമാരന്‍ വ്യക്തമാക്കി.

എല്‍ടിടിക്കെതിരെ നടന്ന ശ്രീലങ്കന്‍ സര്‍ക്കാറിന്റെ സൈനിക നടപടി വംശഹത്യയാണെന്നും അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണയ്ക്ക് വിധേയനാക്കണമെമെന്നും നെടുമാരന്‍ പത്രസമ്മേനത്തില്‍ ആവശ്യപ്പെട്ടു. ശ്രീലങ്കയില്‍ രാജപക്‌സെ ഭരണം അവസാനിച്ചതിനാലാണ് വെളിപ്പെടുത്തലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക തമിഴ് രാജ്യം ആവശ്യപ്പെട്ട് സായുധ പോരാട്ടം നടത്തിയിരുന്ന എല്‍.ടി.ടി.ഇക്കെതിരെ 2009ല്‍ രാജ്പക്‌സെ സര്‍ക്കാര്‍ സൈനീക നടപടി സ്വീകരിച്ചിരുന്നു. തമിഴ് പുലികളുടെ സ്വാധീനമേഖലകളില്‍ ശ്രീലങ്കന്‍ സൈന്യം നടത്തിയ കടന്നാക്രമണത്തില്‍ എല്‍.ടി.ടി.ഇയുടെ മുന്‍നിര നേതാക്കളെല്ലാം കൊല്ലപ്പെട്ടിരുന്നു. എല്‍.ടി.ടിയെ ഇല്ലാതാക്കിയ ഈ സൈനീക നടപടിക്കിടെ നടന്ന ഏറ്റുമുട്ടലില്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടുവെന്ന് ശ്രീലങ്കന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. പ്രഭാകരന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ശ്രീലങ്കന്‍ സേന പുറത്ത് വിടുകയും ചെയ്തിരുന്നു. എല്‍ടിടിഇ നേതാക്കളും പ്രഭാകരന്റെ മരണം സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News