അടുത്ത രണ്ടുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് കൂടുതല്‍ വികസനങ്ങളുണ്ടാകുമെന്നും അതിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗെയില്‍ പൈപ്പുവഴിയുള്ള ഗ്യാസ് കൂടുതല്‍ വീടുകളിലെത്തും. യുഡിഎഫ് ഉപേക്ഷിച്ച പദ്ധതിയാണ് ഗെയില്‍ പദ്ധതിയെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
സംസ്ഥാനത്ത് ഏത് പദ്ധതിയെയും മുടക്കാന്‍ ചില ശക്തികൾ തുനിഞ്ഞിറങ്ങുന്നുണ്ട്. കൂടംകുളം വൈദ്യുതിയെത്തിക്കുന്നതിനുള്ള ലൈന്‍ (ഇടമണ്‍ – കൊച്ചി പവര്‍ ഹൈവേ) മുടക്കം വന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി പൂര്‍ത്തിയാക്കി വൈദ്യുതിയെത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടക്കില്ല എന്നു കരുതിയ പദ്ധതികള്‍ നടക്കുമെന്ന് അനുഭവത്തിലൂടെ കാണിച്ചു കൊടുത്ത സര്‍ക്കാരാണ് ഇടത് സര്‍ക്കാര്‍. വിഭവശേഷി സമാഹരിക്കുന്നതിനാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത്. 50,000 കോടിയുടെ വികസനം നടത്തുമെന്ന് പ്രഖ്യാപിച്ചുവെന്നും 2016 – 21 വരെ 65,000 കോടിയുടെ പദ്ധതിയ്ക്ക് കിഫ്ബി വഴി രൂപം നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന് വിഭവശേഷി കുറവാണ്. ഖജനാവിന് ശേഷിക്കുറവ് ഉണ്ട്. വിഭവ സമാഹരണം അതിവേഗം നടക്കില്ലെന്നും എന്നാല്‍ വിഭവ സമാഹാരണത്തിന് കിഫ്ബി ഉപകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ന് കിഫ്ബിയെ പരിഹസിച്ചവര്‍ ഇന്നത്തെ അനുഭവം നോക്കൂ എന്നും പണം ഇല്ലാത്തത് കൊണ്ട് മുടങ്ങിയ പല പദ്ധതികളും കിഫ്ബി വഴി പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
11 സ്‌നേഹ വീടുകളുടെ താക്കോല്‍ കൈമാറി മുഖ്യമന്ത്രി
പാലക്കാട് ആലത്തൂരില്‍ സിപിഐഎം ഏരിയാ കമ്മിറ്റി നിര്‍മിച്ചു നല്‍കിയ 11 സ്‌നേഹ വീടുകളുടെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി. പുതിയ ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടത്തിനൊപ്പമാണ് വീടുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കിയത്. നിര്‍ധനരും അശരണരുമായ പതിനൊന്നു കുടുംബങ്ങള്‍ക്കാണ് ആലത്തൂരില്‍ സിപിഐഎം വീടു നിര്‍മിച്ചു നല്‍കിയത്.
പുതിയ ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും വീടുകളുടെ താക്കോല്‍ കൈമാറ്റവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മന്ത്രി എംബി രാജേഷ്, കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലന്‍, സി കെ രാജേന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ്, എംഎല്‍എമാരായ കെ ഡി പ്രസേനന്‍, കെ ബാബു, പി പി സുമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here