ജി.എസ്.ടി വിഷയത്തില്‍ നിർമ്മല സീതാരാമനെ തള്ളി കെ.എന്‍.ബാലഗോപാല്‍

ജി.എസ്.ടി കുടിശ്ശിക സംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ ലോക്‌സഭയിലെ മറുപടിക്കെതിരെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെ.എന്‍.ബാലഗോപാലിന്റെ പ്രതികരണം. 2017 മുതല്‍ എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് കേരളം ഹാജരാക്കിയിട്ടില്ലെന്നും ഹാജരാക്കിയാല്‍ ഉടന്‍ ജി.എസ്.ടി കുടിശ്ശിക നല്‍കുമെന്നുമായിരുന്നു എം.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിനുള്ള ഉത്തരമായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

എം.കെ.പ്രേമചന്ദ്രന്റെ ചോദ്യം തന്നെ വസ്തുതാവിരുദ്ധമാണെന്നാണ് ബാലഗോപാല്‍ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിന് ജി.എസ്.ടി കുടിശ്ശികയായി കേന്ദ്രം നല്‍കാനുള്ളത് 750 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിന് ലഭിക്കാനുള്ള ജി.എസ്.ടി കുടിശ്ശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്രസര്‍ക്കാരും തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളില്ല. തര്‍ക്കമില്ലാത്ത വിഷയത്തില്‍ തര്‍ക്കമുണ്ട് എന്ന് വരുത്തി, യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യഥാര്‍ത്ഥ വിഷയങ്ങള്‍ മറച്ചുവച്ചാണ് എന്‍.കെ.പ്രേമചന്ദ്രന്‍ ചോദ്യം ചോദിച്ചതെന്ന വിമര്‍ശനമാണ് കെ.എന്‍.ബാലഗോപാല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പ്രധാനമായും ഉന്നയിക്കുന്നത്. കേരളത്തിന് ജി.എസ്.ടി കുടിശ്ശിക ഇനത്തില്‍ വലിയ തുക കിട്ടാനുണ്ട്, അതുകൊണ്ടാണ് കേരളത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തിയതെന്നായിരുന്നു എന്‍.കെ.പ്രേമചന്ദ്രന്‍ ചോദ്യത്തില്‍ സൂചിപ്പിച്ചിരുന്നത്.

കേരളം ഉന്നയിക്കുന്ന പ്രശ്‌നം കുടിശ്ശികയുടേതോ, അത് അനുവദിക്കുന്നതിലെ കാലതാമസത്തിന്റേതോ അല്ലെന്ന് ചൂണ്ടിക്കാണിച്ച് കേരളം ഉയര്‍ത്തുന്ന യഥാര്‍ത്ഥ പ്രശ്‌നം കൂടി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി കിട്ടേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറക്കുന്നതാണ് കേരളം പറയുന്ന യഥാര്‍ത്ഥ വിഷയം. ജി.എസ്.ടി നടപ്പിലാക്കിയത് സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കി. 2022 ജൂണ്‍ 30ന് ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിന് 12,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. പ്രകൃതിദുരന്തങ്ങളും കൊവിഡ് മഹാമാരിയും ഉണ്ടാക്കിയ നികുതി നഷ്ടം ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ ജി.എസ്.ടി നഷ്ടപരിഹാരം ദീര്‍ഘിപ്പിക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഡിവിസിബിള്‍ പൂളില്‍ നിന്ന് സംസ്ഥാനത്തിന് നല്‍കുന്ന വിഹിതം 1.925% ആയി വെട്ടിക്കുറച്ചതിലൂടെ കേരളത്തിന് 18,000 കോടി രൂപയോളം നഷ്ടമാണുണ്ടാകുന്നതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ബാലഗോപാല്‍ ചൂണ്ടിക്കാണിച്ചു. ഇതൊക്കെയാണ് കേരളം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്ന് ആവര്‍ത്തിച്ച ബാലഗോപാല്‍ കണക്കുകളെല്ലാം കൃത്യമായി കേന്ദ്രത്തിന് സമര്‍പ്പിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

കേരളത്തിനര്‍ഹമായ സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാടിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News