വയറ്റത്തടിച്ച് വിലക്കയറ്റം, അപകട രേഖയും കടന്ന് പണപ്പെരുപ്പം

രാജ്യത്ത് വിലക്കയറ്റം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പൊടിക്കൈകള്‍ ഒന്നും തന്നെ ഫലവത്താകാതെ വന്നതോടെയാണ് രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമാകുന്നത്. റിസര്‍വ് ബാങ്കിന്റെ അപകട രേഖയും കടന്ന് പണപ്പെരുപ്പം ഉയര്‍ന്ന നിരക്കായ 6.52 ശതമാനത്തിലെത്തിയതായാണ് ജനുവരിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് നിരന്തരം വര്‍ധിപ്പിച്ചിട്ടും വിലക്കയറ്റം മാത്രം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

പ്രധാനമായും ധാന്യങ്ങളും പ്രോട്ടീന്‍ സമ്പുഷ്ടമായ ഇനങ്ങളും ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങളുടെ വില ഉയര്‍ന്നതാണ് പണപ്പെരുപ്പം വര്‍ധിച്ചതിന് കാരണം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ചില്ലറ വില്‍പ്പന മേഖലയിലെ പണപ്പെരുപ്പം 2022 ജനുവരി മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവദനീയ പരിധിയായ 6 ശതമാനത്തിന് മുകളിലാണ്. 2021 ഡിസംബറില്‍ ഇത് 5.72 ശതമാനമായിരുന്നെങ്കില്‍ തൊട്ടടുത്ത ജനുവരിയില്‍ പണപ്പെരുപ്പത്തിന്റെ തോത് 6.01 ശതമാനവുമായി വര്‍ദ്ധിച്ചിരുന്നു. ഇതാണ് ഇതാണ് ഇപ്പോള്‍ 6.52 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നത്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗ്രാമീണ മേഖലയിലാണ് വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്. നഗര കേന്ദ്രത്തിലെ പണപ്പെരുപ്പത്തേക്കാള്‍ 0.85% വര്‍ധനവാണ് ഗ്രാമങ്ങളില്‍ രേഖപ്പെടുത്തിയത്. അതേസമയം നഗര കേന്ദ്രങ്ങളിലെ പണപ്പെരുപ്പത്തിന്റെ തേത് 6 ശതമാനമായി തുടര്‍ന്നു.
ഇതിനിടയില്‍ പണപ്പെരുപ്പത്തെ തുടര്‍ന്നുള്ള വിലക്കയറ്റം തടയുക ലക്ഷ്യമിട്ട് ബാങ്കുകളുടെ വായ്പാ നിരക്ക് റിസര്‍വ്വ് ബാങ്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി 6.5 ശതമാനമാക്കിയിരുന്നു. എന്നാല്‍ ഈ പൊടിക്കൈയും വിജയിച്ചില്ലെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2023 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 6.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അടുത്തിടെ പുറത്തിറക്കിയ ധനനയ പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5.3 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പണപ്പെരുപ്പം 4 ശതമാനത്തില്‍ നിലനിര്‍ത്താന്‍ ആര്‍ ബി ഐ ശ്രമം തുടരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ അത്തരം നീക്കത്തിലേക്ക് പോകുന്ന യാതൊരു മാറ്റവും ഇന്ന് രാജ്യത്ത് സംജാതമായിട്ടില്ല.

നിലവില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് രാജ്യത്ത് വന്‍ വിലവര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഡിസംബറില്‍ 4.2 ശതമാനമായിരുന്ന ഭക്ഷ്യവസ്തുക്കളുടെ വില ജനുവരിയില്‍ 5.94 ശതമാനത്തിലെത്തി. ധാന്യങ്ങളുടെ വില 13.1ല്‍ നിന്ന് 16.1 ശതമാനമായും പാല്‍വില 8.5ല്‍ നിന്ന് 8.8 ആയും സുഗന്ധവ്യഞ്ജനങ്ങളുടെ വില 20.3ല്‍ നിന്ന് 21.1 ആയും മുട്ടവില 6.9ല്‍ നിന്ന് 8.8 ആയും മത്സ്യം മാംസം വില 5.1ല്‍ നിന്ന് 6.04 ശതമാനമായും വര്‍ധിച്ചു. പഴങ്ങള്‍, പഞ്ചസാര, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്കും വിലകൂടി. വിലക്കയറ്റം ഏറ്റവും രൂക്ഷമായ സംസ്ഥാനം തെലങ്കാനയാണ് 8.6%. ആന്ധ്ര 8.25%, മധ്യപ്രദേശ് 8.13% യുപി 7.45% ഹരിയാന 7.05% എന്നിങ്ങനെയാണ് വിലക്കയറ്റം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടിക. വിലക്കയറ്റം ഫലപ്രദമായി പിടിച്ചു നിര്‍ത്തുന്ന സംസ്ഥാനം കേരളമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ വിലക്കയറ്റം ദേശീയ ശരാശരിയേക്കാള്‍ കുറവാണ്, 6.45% ശതമാനം.

വിലക്കയറ്റം ആറുശതമാനത്തിന് താഴെ പിടിച്ചുനിര്‍ത്തണമെന്നാണ് ആര്‍ ബി ഐ നിര്‍ദ്ദേശം. കഴിഞ്ഞ ഒരുവര്‍ഷമായി രാജ്യത്തെ പണപ്പെരുപ്പം ആര്‍ ബി ഐ നല്‍കിയ അപകട രേഖയ്ക്ക് മുകളിലാണ്.

നിലവില്‍ ഗ്രാമീണ മേഖലയില്‍ പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതായി  കേന്ദ്രസര്‍ക്കാര്‍ തന്നെ ഔദ്യോഗികമായി സമ്മതിക്കുന്ന സാഹചര്യവുമുണ്ട്. കഴിഞ്ഞ ദിവസം എ.എ.റഹീം എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതായി കേന്ദ്രം രാജ്യസഭയില്‍ വ്യക്തമാക്കിയത്. ഗ്രാമപ്രദേശങ്ങളിലെ പണപ്പെരുപ്പം തടയാന്‍ വ്യക്തമായ പദ്ധതികളൊന്നുമില്ലെന്നും കേന്ദ്രം മറുപടിയില്‍ സൂചിപ്പിച്ചിരുന്നു. നിലവിലെ നിലയില്‍ പണപ്പെരുപ്പ നിരക്ക് ഉയരുന്നത് രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിത ദുരിതം വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News