മമ്മൂട്ടിയെ വച്ച് സിനിമ നിര്‍മ്മിക്കാനുള്ള മോഹം താരത്തോട് നേരിട്ട് പറഞ്ഞ് മുംബൈയിലെ ചലച്ചിത്ര നിര്‍മ്മാതാവ് കെ വി അബ്ദുല്‍ നാസര്‍. കെയര്‍ ഫോര്‍ മുംബൈയുടെ പ്രായോജകരെ ആദരിക്കുന്ന വേദിയില്‍ വച്ച് മമ്മൂട്ടിയുടെ കൈയ്യില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങവെയാണ് നാസര്‍ മനസ്സ് തുറന്നത്.
താനൊരു മുംബൈ മലയാളിയാണെന്നും ഈ നഗരത്തില്‍ നിന്നാണ് തന്റെ സംരംഭങ്ങളെല്ലാം പിറവിയെടുത്തതെന്നും അബ്ദുല്‍ നാസര്‍ പറഞ്ഞു. മമ്മൂട്ടിയോടുള്ള സ്നേഹവും ആദരവും പങ്കുവച്ചാണ് നാസര്‍ മമ്മൂട്ടിയെ വച്ചൊരു ചിത്രം നിര്‍മ്മിക്കാനുള്ള ആഗ്രഹം വേദിയില്‍ തുറന്ന് പറഞ്ഞത്. ഹര്‍ഷാരവത്തോടെ സദസ്സും നിറഞ്ഞ ചിരിയോടെ മമ്മൂട്ടിയും ഇതിനോട് പ്രതികരിച്ചു.
ഇതിനിടെ വേദിയില്‍ സന്നിഹിതനായിരുന്ന കൈരളി ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടല്‍ ഒരു കൂട്ടച്ചിരിക്ക് തിരികൊളുത്തി. ‘നാസര്‍ മനസിലുള്ള ആഗ്രഹം പറഞ്ഞെങ്കിലും കോള്‍ഷീറ്റ് കൈയ്യോടെ വാങ്ങി കൊണ്ട് പോകാന്‍ പറ്റില്ലെന്നും ജോര്‍ജും ആന്റോ ജോസഫുമാണ് ഇതെല്ലം കൈകാര്യം ചെയ്യുന്നതെന്നു’മുള്ള ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടലാണ് സദസ്സില്‍ ചിരി പടര്‍ത്തിയത്. ‘ഇപ്പോള്‍ മമ്മുക്കയുടെ പ്രധാന ഉപദേഷ്ടാവായി രമേശ് പിഷാരടിയുമുണ്ടെന്ന്’ ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തപ്പോള്‍ വേദിയിലുണ്ടായിരുന്ന പിഷാരടിയുടെ കൗണ്ടര്‍ സദസ്സിനെയും വേദിയെയും പൊട്ടിച്ചിരിപ്പിച്ചു. നാസറിന്റെ കൈയ്യില്‍ നിന്നും മൈക്ക് വാങ്ങിയ പിഷാരടി ‘ചെറിയ വിലയ്ക്ക് തന്നെ വച്ചൊരു പടം പിടിക്കാവുന്നതാ’ണെന്ന് പറഞ്ഞതാണ് സദസ്സിലും വേദിയിലും ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയത്.
നിര്‍മ്മാതാവ് കെ.വി.അബ്ദുള്‍ നാസര്‍ അടുത്തിടെയാണ് ബെന്‍സി പ്രൊഡക്ഷന്‍ എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങിയത്. ഈ ബാനറില്‍ ഇതിനകം അഞ്ചോളം മലയാള ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here