വാലന്റൈന്‍സ് ഡേ ആഘോഷത്തിനെതിരെ തമിഴ്‌നാട്ടിലെ ഹിന്ദു സംഘടനയുടെ വിചിത്രമായ പ്രതിഷേധം. നായ്ക്കളെ വിവാഹം കഴിപ്പിച്ചായിരുന്നു സംഘടനയുടെ പ്രതിഷേധം. തമിഴ്നാട്ടിലെ ശിവഗംഗയിലാണ് പ്രതിഷേധം അരങ്ങേറിയത്. ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണ് പ്രണയ ദിനാഘോഷമെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
രണ്ട് നായ്ക്കളെ വസ്ത്രങ്ങളും മാലകളും ധരിപ്പിച്ച ശേഷം വിവാഹിതരായെന്ന് പ്രഖ്യാപനം നടത്തിയായിരുന്നു പ്രതിഷേധം. പിന്നീട് നായ്ക്കളെ സ്വതന്ത്രരായി വിടുകയും ചെയ്തു. വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ പൊതു ഇടങ്ങളില്‍ സ്‌നേഹപ്രകടനം നടത്തുന്നത് സംസ്‌കാരത്തിന് എതിരാണെന്നും ഇതിനുള്ള മറുപടിയായാണ് നായ്ക്കളുടെ കല്യാണം നടത്തിയതെന്നും ഹിന്ദു മുന്നണി സംഘം വ്യക്തമാക്കി.
‘പ്രണയ ദിനത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ പ്രത്യേക സമ്മാനങ്ങള്‍ വില്‍ക്കരുത്. തനത് സംസ്‌കാരത്തിന് പേരുകേട്ട രാജ്യമാണ് ഇന്ത്യ. എന്നാല്‍ യുവാക്കള്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തിന് വഴങ്ങുന്നു. പ്രണയദിനത്തിന്റെ പേരില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്’ തുടങ്ങി പ്രണയദിനത്തിനെതിരെ വ്യത്യസ്ത മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here