നിക്ഷേപ സമാഹരണം നാളെ മുതല്‍; ലക്ഷ്യം 9000 കോടി

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം നാളെ (ഫെബ്രുവരി 15-ന്) ആരംഭിക്കും. മാര്‍ച്ച് 31 വരെയാണ് യജ്ഞം. 9000 കോടി രൂപയാണ് ലക്ഷ്യം വയ്ക്കുന്നത്.

നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ടൗണ്‍ഹാളില്‍ ഫെബ്രുവരി 20 -ന് സഹകരണ രജിസ്‌ടേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍ നിര്‍വ്വഹിക്കും.’സഹകരണ നിക്ഷേപം കേരളവികസനത്തിന്’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയ്‌സ് സഹകരണ സംഘങ്ങള്‍, അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്‌പേതര സംഘങ്ങള്‍ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണ യജ്ഞം നടക്കുന്നത്.

9000 കോടിയില്‍ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കിന്റെ ലക്ഷ്യം 150 കോടിയാണ്. കേരളബാങ്ക് 14 ജില്ലകളില്‍ നിന്നായി 1750 കോടി രൂപ സമാഹരിക്കണം. മറ്റു സഹകരണബാങ്കുകള്‍ 7250 കോടിയാണ് സമാഹരിക്കേണ്ടത്. നിക്ഷേപങ്ങള്‍ക്ക് സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള പരമാവധി പലിശ നല്‍കും.

യുവജനങ്ങളെ സഹകരണ സംഘങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശ നല്‍കുകയും അവരുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിക്കും.   സഹകരണ മേഖലയില്‍ നടപ്പിലാക്കുന്ന ആധുനിക ബാങ്കിംഗ് സംവിധാനങ്ങളെ കുറിച്ചും നിക്ഷേപങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ചും സാമ്പത്തിക മേഖലയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളെ കുറിച്ചും വ്യാപകമായ പ്രചാരണം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News