ബിബിസി റെയ്ഡ്; പരിഹാസവും വിമര്‍ശനവുമായി പ്രതിപക്ഷം

ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഇന്ത്യയിലെ മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നായിരുന്നു സിപിഐഎം പോളിറ്റ് ബ്യൂറോയുടെ വിമര്‍ശനം.

ആ രീതി ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദേശ മാധ്യമ സ്ഥാപനത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. മാധ്യമ വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടമായി മോദി സര്‍ക്കാര്‍ മാറിയെന്നും പിബി വിമര്‍ശിച്ചു. കേന്ദ്ര നടപടിക്കെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മറ്റ് ഇടത് നേതാക്കളും അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

ആദ്യം ബിബിസി ഡോക്യുമെന്ററികള്‍ നിരോധിച്ച കേന്ദ്രം ഇപ്പോള്‍ മാധ്യമസ്ഥാപനത്തിന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തുകയാണ്. അദാനിക്കെതിരെ ജെപിസി അന്വേഷണം നടത്താന്‍ കേന്ദ്രം തയ്യാറല്ല. എന്നിട്ടും ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നതെന്നും സീതാറാം യെച്ചൂരി പരിഹസിച്ചു. റെയ്ഡ് പ്രതീക്ഷിച്ചിരുന്നതല്ലേയെന്നാണ് സിപിഐഎം രാജ്യസഭ അംഗം ഡോ ജോണ്‍ ബ്രിട്ടാസ് ട്വിറ്ററില്‍ കുറിച്ചത്. വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പ്രതികരണമെന്തായിരിക്കുമെന്ന ചോദ്യവും ട്വീറ്റില്‍ ബ്രിട്ടാസ് ഉന്നയിക്കുന്നുണ്ട്.

വിനാശകാലേ വിപരീത ബുദ്ധി എന്നാണ് ആദായ നികുതി വകുപ്പ് റെയ്ഡിനെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. അദാനിയുടെ വിഷയത്തില്‍ ജെപിസി അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ കേന്ദ്രം ബിബിസിയില്‍ പരിശോധന നടത്തുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആശയപരമായ അടിയന്തരാവസ്ഥയെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചു. എത്ര അപ്രതീക്ഷിതമായ റെയ്‌ഡെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയുടെ പരിഹാസം. മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ നൂറ്റമ്പതാം സ്ഥാനത്താണെന്നും കേന്ദ്ര സര്‍ക്കാര്‍ നടപടിയിലൂടെ ഇനി കൂടുതല്‍ താഴേക്ക് വീഴുമെന്ന് വ്യക്തമായതായും ബിഎസ്പി എംപി കെ ഡാനിഷ് അലി പറഞ്ഞു. ബിബിസിക്ക് മോദിയുടെ പ്രണയ ദിന സമ്മാനമാണ് റെയ്‌ഡെന്നായിരുന്നു ബിആര്‍എസ് നേതാവ് വൈ സതീഷ് റെഡ്ഡിയുടെ പരിഹാസം.

ബിബിസിയുടെ മുംബൈയിലെയും ദില്ലിയിലെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം ഇന്ന് രാവിലെ 11:45നാണ് റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പ് നടത്തിയെന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് അദായനികുതി വകുപ്പിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ഓഫീസുകളിലെയും ജീവനക്കാരുടെ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News