റെയ്ഡ് തികഞ്ഞ തെമ്മാടിത്തരം; രൂക്ഷവിമര്‍ശനവുമായി എന്‍. റാം

ബിബിസിയുടെ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡിനെ തെറ്റുകളുടെ അസംബന്ധം എന്ന് വിശേഷിപ്പിച്ച് രാജ്യത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരിലൊരാളുമായ എന്‍. റാം. ടാക്സ് സര്‍വ്വെ എന്നാണ് ആദായ നികുതി വകുപ്പുകാര്‍ റെയ്ഡിനെ വിശേഷിപ്പിച്ചതെന്നും എന്നാല്‍ ടാക്സ് സര്‍വ്വെ എന്നൊക്കെ പറയുന്നതുകൊണ്ട് ആരെയെങ്കിലും പറ്റിക്കാനാവുമോ എന്നും അദ്ദേഹം ചോദിച്ചു.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യൂമെന്ററിക്ക് പിന്നാലെയാണ് ബിബിസിയുടെ പ്രധാന ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. ഡോക്യുമെന്ററി സുപ്രീം കോടതിയെ ഇടിച്ചുതാഴ്ത്തുന്നുവെന്ന് കേന്ദ്രത്തിന്റെ വക്താക്കള്‍ പറഞ്ഞത് ആരും മറന്നിട്ടില്ലെന്നും എന്‍ റാം ഓര്‍മ്മിപ്പിച്ചു. ഇംഗ്ലണ്ടിലെ പൊതുജനം കൊടുക്കുന്ന ലൈസന്‍സ് ഫീയാണ് ബി.ബി.സിയുടെ മുഖ്യ വരുമാന മാര്‍ഗ്ഗമെന്നും തെമ്മാടിത്തം എന്ന് മാത്രമേ ഈ റെയ്ഡിനെ വിളിക്കാനാവൂ എന്നും ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എന്‍ റാം വ്യക്തമാക്കി.

ബി.ബി.സി. സ്വയം ഭരണാധികാരമുള്ള, പൊതുജനങ്ങള്‍ നല്‍കുന്ന പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ഡോക്യുമെന്ററി ചെയ്തതിന്റെ പേരില്‍ ബിബിസിയെ പാഠം പഠിപ്പിക്കാന്‍ കഴിയുമെന്ന് ഭരണകൂടം കരുതുന്നുണ്ടെങ്കില്‍ അവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്ന് പറയേണ്ടിവരുമെന്നും എന്‍ റാം വ്യക്തമാക്കി.

ബിബിസിയുടെ മുംബൈയിലെയും ദില്ലിയിലെയും ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ പ്രത്യേക സംഘം ഇന്ന് രാവിലെയാണ് റെയ്ഡിനെത്തിയത്. നികുതി വെട്ടിപ്പ് നടത്തിയെന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് അദായനികുതി വകുപ്പിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. രണ്ട് ഓഫീസുകളിലെയും ജീവനക്കാരുടെ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News