വടക്കൻ ഭാഗങ്ങളെ അതിരൂക്ഷമായി ബാധിച്ച ഗബ്രിയേൽ ചുഴലിക്കാറ്റിനെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ന്യൂസിലാൻഡിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പലയിടത്തും മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഹാക്ക്സ് ബേ, കോറമാൻഡൽ, നോർത്ത്‌ലാൻഡ് എന്നീ പ്രദേശങ്ങളെയാണ് പ്രധാനമായും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും ബാധിച്ചത്. നദികൾ കരകവിഞ്ഞതോടെ നിരവധിയാളുകൾ വീടുകളിൽനിന്ന് നീന്തിയാണ് രക്ഷപ്പെട്ടത്. രണ്ടര ലക്ഷത്തോളം ആളുകൾ വൈദ്യുതിയില്ലാത്ത അവസ്ഥയിലാണ്.
ദുരന്തബാധിതർക്കായി 73 ലക്ഷം ഡോളറിന്റെ അടിയന്തര സഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് തീരദേശ നഗരങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പലയിടങ്ങളിലും അടിയന്തര സേവനങ്ങൾക്കായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ന്യൂസിലാൻഡിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സർവ്വീസുകളും, ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചു.
51 ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസിലാൻഡിൽ മൂന്നിലൊന്ന് ജനങ്ങളും ദുരിതബാധിതരാണ്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ന്യൂസിലാൻഡിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ദേശീയ അടിയന്തിരാവസ്ഥയാണ് പ്രധാനമന്ത്രി ക്രിസ് ഹോപ്കിൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. നോർത്ത്‌ലാൻഡ്, ഓക്‌ലൻഡ്, തൈരാവിത്തി, ബേ ഓഫ് പ്ലെന്റി, വൈകാറ്റോ, ഹോക്‌സ് ബേ എന്നിവിടങ്ങളിൽ നേരത്തേ പ്രാദേശിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here