ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് തിരിച്ചടി നല്‍കുമെന്ന് ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി. ഓസീസ് കരുത്തരാണ്. ബാറ്റിംഗിലും ബൗളിംലും അടക്കം എല്ലാ മേഖലകളിലും സ്ഥിരത പുലര്‍ത്തുന്നവരാണ് കങ്കാരുക്കള്‍ എന്നാണ് അലക്‌സ് ക്യാരി പറയുന്നത്.
നിര്‍ഭാഗ്യവശാല്‍ ഒന്നാം ടെസ്റ്റില്‍ കാര്യങ്ങള്‍ ടീം വിചാരിച്ചത് പോലെ നടന്നില്ല. കളിക്കളത്തില്‍ ഇറങ്ങും മുമ്പ് നിലവിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തിയാല്‍ മതി. ഇന്ത്യന്‍ സ്പിന്നര്‍മാരെ ക്ഷമയോടെ നേരിടാന്‍ കഴിഞ്ഞാല്‍ ഓസിസിന് വിജയിക്കാന്‍ കഴിയും എന്ന ശുഭാപ്തി വിശ്വാസമാണ് അലക്‌സി ക്യാരി പങ്കുവയ്ക്കുന്നത്.
സ്പിന്നര്‍മാര്‍ക്കെതിരെ മേശം ഷോട്ട് തിരഞ്ഞെടുത്താണ് രണ്ട് ഇന്നിംഗ്സുകളിലും ക്യാരി പുറത്തായത്. റിവേഴ്സ് സ്വീപ്പ് കളിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ക്യാരിയുടെ പുറത്താകല്‍. തന്റെ ബാറ്റിംഗ് ശൈലിയില്‍ മാറ്റം വരുത്തുമെന്നും അതിനായുള്ള കഠിന പ്രയത്നത്തിലാണെന്നും ക്യാരി പറഞ്ഞു. രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലന വേളയിലാണ് മാധ്യമങ്ങളോട് ഓസിസ് താരം തന്റെ നയം വ്യക്തമാക്കിയത്.
നാഗ്പൂര്‍ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളിലുമായി 16 തവണയാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഓസീസ് ബാറ്റര്‍മാരെ കൂടാരം കയറ്റിയത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി അശ്വിന്‍ 8 വിക്കറ്റും ജഡേജ 7 വിക്കറ്റും നേടിയിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ സെഞ്ച്വറിയും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും അര്‍ദ്ധ സെഞ്ച്വറിയും നേടിയ നാഗ്പൂര്‍ പിച്ചില്‍ ബാറ്റിംഗ് അത്ര ദുഷ്‌കരമല്ലെന്ന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ തെളിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here