ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം പുതിയ വിമാനങ്ങള്‍ വാങ്ങുന്നതില്‍ വമ്പന്‍ കരാറുമായി എയര്‍ ഇന്ത്യ. രാജ്യത്തെ വ്യോമയാന മേഖലയിലെ പ്രധാന കമ്പനിയായ എയര്‍ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന കരാറിനാണ് ഒപ്പവെച്ചത്. വിമാന നിര്‍മ്മാണ കമ്പനികളായ എയര്‍ ബസ്, ബോയിങ് എന്നിവയില്‍ നിന്ന് 470 വിമാനങ്ങള്‍ വാങ്ങാനാണ് കരാര്‍. അമേരിക്കന്‍ കമ്പനി ബോയിങുമായും ഫ്രഞ്ചു കമ്പനിയായ എയര്‍ബസുമായും 4590 കോടി ഡോളറിന്റെ കരാറിലാണ് എയര്‍ ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ എന്നിവര്‍ പങ്കെടുത്ത വെര്‍ച്വല്‍ കോണ്‍ഫറന്‍സിലാണ് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ കരാര്‍ വിവരം പ്രഖ്യാപിച്ചത്.
യൂറോപ്യന്‍ വിമാനനിര്‍മ്മാണ കമ്പനിയായ എയര്‍ബസില്‍ നിന്ന് 40 വമ്പന്‍ വിമാനങ്ങള്‍ (A350) ഉള്‍പ്പെടെ 250 എയര്‍ബസ് വിമാനങ്ങള്‍ വാങ്ങും. A350 1000 മോഡലിന് 410 യാത്രക്കാരെ വഹിക്കാന്‍ കഴിയും. 201 വിമാനങ്ങള്‍ എ320 നിയോ നാരോ ബോഡി എയര്‍ക്രാഫ്റ്റ് ഗണത്തില്‍ പെടുന്നവയാണ്. ഇതിന് 94 യാത്രക്കാരുമായി പറക്കാന്‍ കഴിയും. അധികമായി 50 വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള ധാരണ കരാറിലുണ്ട്.
യു എസ് കമ്പനിയായ ബോയിങില്‍ നിന്ന് 30 വമ്പന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ 220 വിമാനമാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. 190 ബി 737 മാക്സ്, 20 ബി 787, 10 ബി 777-9 എക്സ് എന്നീ വിമാനങ്ങളാണ് വാങ്ങുക. കരാര്‍ പ്രകാരം ബോയിങിന്റെ ആദ്യ വിമാനം ഈ വര്‍ഷം പകുതിയോടെ എത്തും. ഒരൊറ്റ കരാറില്‍ ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള ധാരണ ഉണ്ടാക്കിയതിന്റെ റോക്കോര്‍ഡ് നേരത്തെ അമേരിക്കന്‍ എയര്‍ലൈന്‍സിനായിരുന്നു. പുതിയ കരാറോടെ ഈ റെക്കോര്‍ഡ് എയര്‍ ഇന്ത്യ മറികടന്നിരിക്കുകയാണ്. അമേരിക്കല്‍ എയര്‍ലൈന്‍സ് നേരത്തെ 460 വിമാനങ്ങളുടെ ഓര്‍ഡറായിരുന്നു നല്‍കിയത്.
ഇതിനു മുമ്പ് 2006ലാണ് എയര്‍ ഇന്ത്യ അവസാനമായി വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഏര്‍പ്പെട്ടത്. അന്ന് 111 വിമാനങ്ങള്‍ വാങ്ങിയതില്‍ 68 എണ്ണം ബോയിങ്ങില്‍ നിന്നും 43 എണ്ണം എയര്‍ബസില്‍ നിന്നുമായിരുന്നു. പുതിയ കരാര്‍ ഇന്ത്യയുടെ വ്യോമയാന മേഖലയിലെ സുപ്രധാന ചുവടുവെയ്പ്പാണെന്നും ഇന്ത്യ-ഫ്രഞ്ച് ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. എയര്‍ ഇന്ത്യ ബോയിംഗുമായി ഉണ്ടാക്കിയ 3400 കോടി ഡോളറിന്റെ കരാറിനെ ചരിത്രപരമെന്നാണ് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here