ആട് തോമയ്ക്ക് ആദ്യം കൂട്ടിനെത്തിയത് നന്ദകുമാര്‍ വര്‍മ്മ, ഇപ്പോള്‍ ക്രിസ്റ്റഫര്‍ ആന്റണി ഐ.പി.എസ്

രണ്ടര പതിറ്റാണ്ടുകള്‍ക്ക് ശേഷം തിയേറ്ററുകളില്‍ വീണ്ടും ആവേശാരവം ഉയര്‍ത്തി തിരിച്ചെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം സ്ഫടികം. സ്ഫ്ടികം വീണ്ടുമെത്തുമ്പോള്‍ 28 വര്‍ഷം മുമ്പത്തെ തിയേറ്റര്‍ അനുഭവം പ്രേക്ഷകര്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കുകയാണ്. മോഹന്‍ലാല്‍-മമ്മൂട്ടി ആരാധകര്‍ക്ക് ഗൃഹാതുരത സമ്മാനിക്കുന്നതാണ് ഈ ആക്‌സമികമായ സമാനത.

പുതിയ കാലത്തെ സാങ്കേതിക തികവില്‍ 4k മികവോടെയാണ് സ്ഫടികം റീ റിലീസായി തിയേറ്ററില്‍ എത്തിയത്. സ്ഫടികത്തിനൊപ്പം ഇത്തവണ തിയേറ്ററില്‍ മമ്മൂട്ടിയുടെ ക്രിസ്ഫറുമുണ്ടായിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് ഒരേ ദിവസം മലയാളത്തിന്റെ രണ്ടു താരരാജക്കന്മാരുടെ സിനിമ ഒരുമിച്ച് തിയേറ്ററിലെത്തുന്നത്. ഇവിടെയാണ് 28 വര്‍ഷം മുമ്പുള്ള ആകസ്മികത വീണ്ടും പഴയ തലമുറയിലെ കടുത്ത മോഹന്‍ലാല്‍-മമ്മൂട്ടി ആരാധകരുടെ മനസ്സില്‍ ഗൃഹാതുരതയായി തിളച്ച് മറിയുന്നത്.

1995 മാര്‍ച്ച് 30നായിരുന്നു സ്ഫടികം റിലീസായത്. പിറ്റേന്ന് മമ്മൂട്ടി ചിത്രം മഴയെത്തും മുന്‍പും റിലീസായി. അന്ന് ആടുതോമ അമാനുഷികത കൊണ്ട് തിയേറ്റര്‍ കീഴടക്കിയപ്പോള്‍ നന്ദകുമാര്‍ വര്‍മ്മയുടെ നിസ്സഹായ നൊമ്പരവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഓരേ സമയം തിയേറ്ററിലെത്തിയ രണ്ട് സിനിമകളും കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രേക്ഷകരുടെ നിത്യഹരിത ഓര്‍മ്മയില്‍ തളിരിട്ട് നില്‍ക്കുകയാണ്. രണ്ടാം വരവിലും ആട് തോമയ്ക്ക് കൂട്ടായി മറ്റൊരു മമ്മൂട്ടി കഥാപാത്രം എത്തിയിട്ടുണ്ട്. ക്രിസ്റ്റഫര്‍ ആന്റണി ഐ.പി.എസ്.

രണ്ടാം വരവില്‍ മികച്ച തിയേറ്റര്‍ അനുഭവത്തിനൊപ്പം മണ്‍മറഞ്ഞുപോയ ഒരുപിടി അഭിനയ പ്രതിഭകളുടെ ഓര്‍മ്മകള്‍ കൂടിയാണ് സ്ഫടികം കാത്തുവയ്ക്കുന്നത്. തിലകന്‍, ബഹദൂര്‍, കെ പി എ സി ലളിത, സില്‍ക്ക് സ്മിത, രാജന്‍ പി ദേവ്, ശങ്കരാടി, കരമന ജനാര്‍ദ്ദനന്‍ നായര്‍, എന്‍.എഫ് വര്‍ഗ്ഗീസ്, പറവൂര്‍ ഭരതന്‍, എന്‍ എല്‍ ബാലകൃഷ്ണന്‍ എന്നിങ്ങനെ മണ്മറഞ്ഞുപോയ അഭിനയ പ്രതിഭകളെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനായതിന്റെ സന്തോഷത്തിലാണ് ഭൂരിഭാഗം പ്രേക്ഷകരും.

1995-ല്‍ റിലീസ് ചെയ്ത ആദ്യ പതിപ്പില്‍ നിന്നും എട്ടര മിനിറ്റോളം ദൈര്‍ഘ്യം കൂടുതലുണ്ട് സ്ഫടികം 4 കെയ്ക്ക്. പാട്ട്, ഡബ്ബിംഗ്, സൗണ്ട് ക്വാളിറ്റി, പുതിയതായി കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ എല്ലാം പ്രേക്ഷകര്‍ക്ക് പുതിയൊരു കാഴ്ചാനുഭവം സമ്മാനിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News