രാഹുൽ ഗാന്ധിയുടെ വാഹനത്തിന് വഴിയൊരുക്കിയത് ജനങ്ങളെ പൂട്ടിയിട്ടുകൊണ്ട്: ഡി വൈ എഫ് ഐ വയനാട് ജില്ലാ സെക്രട്ടറി

രാഹുൽ ഗാന്ധി എം പിയുടെ വയനാട് സന്ദർശനത്തിൽ മുട്ടിന് മുട്ടിന് വാഹനങ്ങൾ തടഞ്ഞ് ജനങ്ങളെ പൂട്ടിയിട്ടു കൊണ്ടാണ് സഞ്ചരിച്ചതെന്ന് ഡി വൈ എഫ് ഐ വയനാട് ജില്ലാ സെക്രട്ടറി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രകളിൽ ഒരുക്കുന്ന സുരക്ഷാക്രമീകരണങ്ങളെ ഒരു മുഖ്യധാരാ മാധ്യമം മോശമായി ചിത്രീകരിച്ചു എന്ന രൂക്ഷവിമർശനവുമായാണ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.

സർക്കാർ വിരുദ്ധത മൂലം തെറ്റായവാർത്ത പ്രചരിപ്പിക്കുന്ന മുഖ്യധാരാ മാധ്യമം ജനങ്ങളോട് വസ്തുത പറയാൻ തയ്യാറാവണമെന്നും കെ റഫീഖ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

കെ റഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സർക്കാർ വിരുദ്ധതകൊണ്ട് കണ്ണുകാണാതായ മനോരമ യുഡിഎഫ് പത്രിക എന്ന നിലയിലേക്ക് തരംതാഴ്ന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രയ്ക്കായി ഒരുക്കുന്ന സുരക്ഷാ ക്രമീകരണങ്ങളെ ജനവിരുദ്ധമായി ചിത്രീകരിച്ച് വാർത്തയുണ്ടാക്കുന്ന മനോരമയുടെ റിപ്പോർട്ടർമാരെ രാഹുൽ ഗാന്ധി കേരളത്തിലെത്തുമ്പോൾ ഒപ്പം കയറ്റി വിടണം. ‘മര്യാദ വേണ്ടേ മരുന്നിനെങ്കിലും’ എന്ന തലക്കെട്ട് ആർക്ക് വേണ്ടി ഒരുക്കുന്ന സുരക്ഷാക്രമീകരണത്തെ ചൂണ്ടിയാണ് പറയേണ്ടതെന്ന് സ്വന്തം റിപ്പോർട്ടർമാർക്ക് മനസ്സിലാകാൻ ഇതിലും മികച്ച പരിശീലനം കിട്ടാനില്ല. എ.സി മുറിയുടെ ശീതളിമയിലിരുന്ന് വായിൽ തോന്നിയത് എഴുതി പിടിപ്പിക്കുന്ന ശീലക്കേട് മാറാൻ ഇത്തരം ഗ്രൗണ്ട് റിപ്പോർട്ടിംഗ് സഹായമാകും.

പോലീസുകാർ ഉൾപ്പെടെ ഏതാണ്ട് ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാഹുൽ ഗാന്ധിയുടെ സുരക്ഷയൊരുക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിൽ നിയോഗിച്ചത്. രാഹുൽ ഗാന്ധിക്ക് കരിപ്പൂരിൽ നിന്ന് റോഡ് മാർഗ്ഗം വയനാട്ടിലേക്ക് എത്താനായി ഒരു മണിക്കൂറിനടുത്താണ് താമരശ്ശേരി ചുരം വഴി ഗതാഗതം തടഞ്ഞത്. രാഹുൽ ഗാന്ധി വയനാട്ടിൽ ചിലവഴിച്ച ദിവസം എന്തായിരുന്നു സ്ഥിതി. സുരക്ഷക്കായി മുട്ടിന് മുട്ടിന് വാഹനങ്ങൾ തടഞ്ഞ് രാഹുൽ ഗാന്ധിയുടെ വാഹനത്തിന് വഴിയൊരുക്കിയത് ജനങ്ങളെ പൂട്ടിയിട്ടു കൊണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ മടക്കയാത്രയുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പം വയനാടിന്റെ തെക്കുഭാഗത്തും വടക്ക് ഭാഗത്തുമുള്ള ജനങ്ങളെ ഒരുപോലെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതൊന്നും കാണാൻ കണ്ണില്ലാതെ പോയ മനോരമ ‘മര്യാദ വേണ്ടേ മരുന്നിനെങ്കിലും’ എന്ന വെണ്ടക്കൊപ്പം കൊടുത്തത് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന്റെ ചിത്രവും. ഉളുപ്പില്ലെ മനോരമേ എന്നാണ് ചോദിക്കേണ്ടത്. സർക്കാർ വിരുദ്ധ വാർത്ത ചമയ്ക്കാനും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിക്കാനും ക്വട്ടേഷൻ എടുത്തിരിക്കുന്ന വലതുപക്ഷ മാധ്യമങ്ങളോട് ചോദിക്കാൻ ഉള്ളത് ഇത്രമാത്രം , ലേശം മര്യാദ ബാക്കിയുണ്ടെങ്കിൽ ജനങ്ങളോട് വസ്തുത പറയാൻ തയ്യാറാകണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സഞ്ചാരത്തിന് ഉണ്ടാകുന്നതിൽ എത്ര ഇരട്ടി ബ്ലോക്കാണ് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശന സമയത്ത് ചുരത്തിൽ അടക്കം ഉണ്ടാകുന്നതെന്ന് പറയാൻ മനോരമ തയ്യാറാവണം. എന്നിട്ട് യാഥാർത്ഥ്യ ബോധത്തോടെ രാഹുൽ ഗാന്ധിയെ ചൂണ്ടി ചോദിക്കണം; ‘മര്യാദ വേണ്ടേ മരുന്നിനെങ്കിലും’ എന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News