പഞ്ചായത്തായി പോലും കേരളത്തെ പരിഗണിക്കുന്നില്ല; കെ.എന്‍ ബാലഗോപാല്‍

ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിപക്ഷ സമരത്തിലെ രാഷ്ട്രീയ താല്‍പ്പര്യം തുറന്ന് കാണിച്ച് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്ത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ബാലഗോപാല്‍ നിലപാട് വ്യക്തമാക്കിയത്. ബജറ്റിനകത്ത് പലതരം നികുതി നിര്‍ദ്ദേശങ്ങള്‍ വരാറുണ്ട്. പക്ഷെ ഇങ്ങനെ സമരം ഉണ്ടാകാറില്ലെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. സമരം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് അടിവരയിട്ടായിരുന്നു ബാലഗോപാല്‍ പ്രതിപക്ഷ സമരത്തിലെ ഇരട്ടത്താപ്പുകള്‍ ചൂണ്ടിക്കാണിച്ചത്. 2015ലെ ബജറ്റിലും ഇത്തരത്തിലുള്ള നികുതി നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്നും സമരം ചെയ്യുന്നവര്‍ അത് കാണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ബജറ്റില്‍ നികുതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ ഇടയായ സാഹര്യത്തെക്കുറിച്ചും ബാലഗോപാല്‍ വിശദമാക്കി. നികുതി ഏര്‍പ്പെടുത്താന്‍ സാധിക്കുന്ന കുറച്ച് ഇനങ്ങള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. നിലവില്‍ ബ്രാന്‍ഡഡ് പെട്രോളിന് 21 രൂപ കേന്ദ്രം സെസ് ഈടാക്കുന്നുണ്ട്. അണ്‍ ബ്രാന്‍ഡഡിന് 18 രൂപ സെസും ഈടാക്കുന്നു. കേരളത്തില്‍ സമരം ചെയ്യുന്ന യുഡിഎഫ്, കേന്ദ്രത്തിന്റെ ഇത്തരം നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും ബാലഗോപാല്‍ ചോദിച്ചു.

നികുതി വിഹിതം നിഷേധിക്കുന്ന കേന്ദ്രത്തിന്റെ സമീപനമാണ് കേരളത്തിനെ പ്രതിസന്ധിയിലാക്കുന്നതെന്ന് കണക്കുകള്‍ നിരത്തി ബാലഗോപാല്‍ ആവര്‍ത്തിച്ചു. കേരളത്തിന് നികുതി വിഹിതമായി തരേണ്ട പണത്തില്‍ പോലും ഗണ്യമായ കുറവ് വരുത്തുന്ന കേന്ദ്രം, പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന പരിഗണന പോലും കേരള സംസ്ഥാനത്തിന് നല്‍കുന്നില്ലെന്ന് കുറ്റപ്പെടുത്തി. സംസ്ഥാനത്തിന് നികുതി ലഭിക്കാനുള്ള എല്ലാ അവകാശവും കേന്ദ്രം കവരുകയാണ്. കേന്ദ്രം തരാനുള്ളത് തന്നിരുന്നെങ്കില്‍ സംസ്ഥാനത്തിന് ചെറിയ തുക മാത്രമേ കടമെടുക്കേണ്ടി വരുമായിരുന്നുള്ളു. എന്നാല്‍ കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ബാലഗോപാല്‍ ചൂണ്ടിക്കാണിച്ചു.

ജി.എസ്.ടി വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ ഉയര്‍ത്തിയ ചോദ്യം ദുരുദ്ദേശപരമായിരുന്നു എന്ന മുന്‍നിലപാട് കെ.എന്‍.ബാലഗോപാല്‍ വീണ്ടും ആവര്‍ത്തിച്ചു. ജിഎസ്ടി നഷ്ടപരിഹാര കുടിശിക ഉണ്ടെന്നല്ല സര്‍ക്കാര്‍ പറയുന്നത്. 750 കോടി കൂടിയാണ് ലഭിക്കാനുള്ളത്. അതുകൊണ്ട് കേരളത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കില്ല. ജിഎസ്ടി നഷ്ടപരിഹാരം 5 വര്‍ഷം കൂടി നീട്ടണം എന്നതാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന്റെ എം.പിമാര്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇടപെടേണ്ടതെന്നും കേരളത്തിലെ സര്‍ക്കാരിനെ കൈകാര്യം ചെയ്യാം എന്ന തരത്തിലാകരുത് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നിലപാടെടുക്കേണ്ടതെന്നും ബാലഗോപാല്‍ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര കണക്ക് നല്‍കുന്നതില്‍ കേരളം വീഴ്ച വരുത്തിയിട്ടില്ല. കേരളം നല്‍കുന്നത് വെച്ചല്ല അന്തിമ കണക്ക് നല്‍കുന്നത്. ആര്‍ബിഐയില്‍ നിന്നടക്കമുള്ള കണക്ക് ശേഖരിച്ചാണ് അന്തിമ കണക്ക് തയ്യാറാക്കുന്നത്. ഐജിഎസ്ടി ഇനത്തില്‍ 5000 കോടി കിട്ടാന്‍ ഉണ്ടെന്ന് അവകാശ വാദം ഉന്നയിച്ചിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രിയോട് ജിഎസ്ടി നഷ്ടപരിഹാരം നല്‍കിയിട്ടില്ല എന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാഹചര്യം മനസിലാക്കി പ്രതിപക്ഷം ഉയര്‍ന്ന് വരണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു. കിഫ്ബി കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് പണം നല്‍കുന്നതിന് തടസമില്ലെന്നും ചോദ്യത്തിന് ഉത്തരമായി മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News