വിഖ്യാത കവി പാബ്ലോ നെരൂദയെ വിഷം കൊടുത്ത് കൊന്നതാണെന്ന് പുതിയ തെളിവുകള്‍ പറയുന്നു. സോക്രട്ടീസ് മുതല്‍ യാസര്‍ അറഫാത്ത് വരെ സാമ്രാജ്യത്വം വിഷം കൊടുത്തു കൊന്ന മനുഷ്യരുടെ പട്ടിക നീളുകയാണ്.
സാല്‍വദോര്‍ അലന്‍ഡയെ അമേരിക്കയുടെ സഹായത്തോടെ അട്ടിമറിച്ച് പിനോഷെ ഭരണം പിടിച്ചെടുത്ത് 12 ദിവസത്തിന് ശേഷമാണ് പാബ്ലോ നെരൂദ മരിച്ചത്. 50 വര്‍ഷത്തിനിപ്പുറം വിദഗ്ധരുടെ പരിശോധനയില്‍ നെരൂദയെ വിഷം കൊടുത്ത് കൊന്നതാണെന്ന സംശയം സത്യമായിരിക്കുകയാണ്.
ചിന്തിക്കുന്ന തലച്ചോറുകളെ പേടിച്ച് ഭരണകൂടം മനുഷ്യരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതിന്റെ ചരിത്രം ക്ലാസിക്കല്‍ കാലഘട്ടത്തോളം പഴക്കമുള്ളതാണ്. സോക്രട്ടീസിനെ ഹെംലോക്ക് കൊടുത്ത് കൊന്നത് മുതലിങ്ങോട്ട് പൊളോണിയം പ്രയോഗം വരെ നീളുന്നതാണ് കൊലപാതകികളുടെ വൈദഗ്ധ്യം.
ഓഷ്വിട്‌സിലും സോബിബോറിലും ട്രെബ്ലിങ്കയിലുമെല്ലാമായി നാസികള്‍ കൂട്ടക്കൊല നടത്തിയിരുന്നത് ലക്ഷക്കണക്കിന് ജൂതന്മാരെയും സൈക്ലോണ്‍ ബി എന്ന വിഷവാതകത്തെയും ഗ്യാസ് ചേംബറുകളില്‍ നിറച്ചാണ്. വിയറ്റ്നാം എന്ന കമ്മ്യൂണിസ്റ്റ് ജനതയെ കണ്ട് വിറളി പിടിച്ച അമേരിക്കന്‍ സാമ്രാജ്യത്വം ഹെലികോപ്റ്ററുകളില്‍ തളിച്ചത് ഏജന്റ് ഓറഞ്ച്. ലോകയുദ്ധാനന്തരം കമ്മ്യൂണിസത്തെ തകര്‍ക്കാന്‍ വേണ്ടി സാമ്രാജ്യത്വം നടത്തിയ നിരവധി വിഷപ്രയോഗങ്ങളിലേക്ക് നെരൂദയുടെ മരണവും കണ്ണിചേര്‍ക്കപ്പെടുകയാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോള്‍ വിഷക്കൊലയുടെ രീതിശാസ്ത്രം പരസ്യമായ ഉപയോഗത്തില്‍ നിന്ന് രഹസ്യമായ പ്രയോഗത്തിലേക്ക് വഴിമാറുകയാണ്. യാസര്‍ അറഫാത്ത് അടക്കം നവസാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ നിരവധിപേര്‍ പോര്‍നിലങ്ങളില്‍ ദുരൂഹമായി വീണു പോകുകയാണ്. ഇന്ന് ആണവ വിഷം തീണ്ടി നേതാക്കള്‍ ദുരൂഹമായി വിട പറയുമ്പോള്‍ പോലും തങ്ങളുടെ കൊലപാതകമികവ് കണ്ട് അഭിനന്ദിക്കാന്‍ ജനത്തെ പഠിപ്പിക്കുകയാണ് സാമ്രാജ്യത്വ ഭരണകൂടങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here