എന്‍ടിആറിന്റെ നാണയം, ലക്ഷ്യം തിരഞ്ഞെടുപ്പോ?

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും ദേശീയ മുന്നണി ചെയര്‍മാനുമായിരുന്ന എന്‍ടി രാമറാവുവിന്റെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. എന്‍ടിആറിന്റെ പോര്‍ട്രെയിറ്റ് സ്റ്റാമ്പ് തപാല്‍ വകുപ്പ് പുറത്തിറക്കുന്നതിനൊടൊപ്പമാണ് നാണയം പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തെലുങ്ക് സിനിമയിലെ നിത്യഹരിത നായകനായിരുന്ന അദ്ദേഹത്തിന്റെ നൂറാം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി 100 രൂപയുടെ നാണയമാണ് പുറത്തിറക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍ടിആറിന്റെ സേവനങ്ങളോടുള്ള ആദരസൂചകമായിട്ടാണ് നാണയം പുറത്തിറക്കാന്‍ തീരുമാനിച്ചത്.

തെലുഗുദേശം പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ എന്‍ടിആറിന്റെ ചിത്രമുള്ള നാണയത്തിന്റെ മാതൃക അദ്ദേഹത്തിന്റെ മകളും മുന്‍ കേന്ദ്രമന്ത്രിയുമായ ദഗ്ഗുബാട്ടി പുരന്ദരേശ്വരിക്ക് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ കൈമാറി. ഒരു വശത്ത് എന്‍ടിആറിന്റെ ചിത്രം ആലേഖനം ചെയ്ത വെള്ളി നാണയമാണ് അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ പുറത്തിറക്കാന്‍ പോകുന്നത്.

വരാനിരിക്കുന്ന ആന്ധ്രാപ്രദേശ്, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ടിആറിന്റെയും ടിഡിപിയുടെയും വോട്ട് ബാങ്ക് ആകര്‍ഷിക്കാനുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണിത് എന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here