തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഇസ്രായേല്‍ ഇടപെടല്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ 30ല്‍ അധികം തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഇസ്രായേല്‍ ഗൂഢസംഘമായ ഹൊഹേയുടെ ഇടപെടലുണ്ടായെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തിയാണ് ഇസ്രായേല്‍ കരാര്‍ സംഘമായ ഹൊഹേ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ സംഘം ഇന്ത്യയിലും പ്രവര്‍ത്തിച്ചതായാണ് ഗാര്‍ഡിയന്റെ വെളിപ്പെടുത്തല്‍.

ഹൊഹെ മേധാവി തല്‍ ഹനനുമായി ബന്ധപ്പെട്ട് 30 മാധ്യമ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട്. ആവശ്യക്കാര്‍ എന്ന വ്യാജേനയാണ് ടാള്‍ ഹനനെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ചത്. വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയപാര്‍ട്ടികളോ ഇന്റലിജന്‍സ് ഏജന്‍സികളോ സ്വകാര്യ സ്ഥാപനങ്ങളോ ആരുമാകട്ടെ, പണം നല്‍കിയാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു തരാം എന്നാണ് ഹോഹെയുടെ വാഗ്ദാനം.

ഇന്ത്യയിലെ വന്‍കിട കമ്പനികള്‍ക്കായി പലരെയും വിവാദങ്ങളില്‍പ്പെടുത്തി. വാണിജ്യ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. മുന്‍ ഇസ്രായേലി സ്പെഷ്യല്‍ ഫോഴ്സ് ഏജന്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള താള്‍ ഹനാന്‍ എന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ടീം ഹോഹെയുടെ പ്രവര്‍ത്തനം. മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ രഹസ്യ ക്യാമറ ഓപ്പറേഷനു മുന്നില്‍ സത്യം മുഴുവന്‍ പങ്കുവെക്കുന്നുണ്ട് താള്‍ ഹനാന്‍.

ട്വിറ്റര്‍, യുട്യൂബ്, ജി മെയില്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലെ ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെ നുണ പ്രചരിപ്പിച്ചു. ചില അക്കൗണ്ടുകള്‍ക്ക ആമസോണ്‍ അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡും ബിറ്റ്കോയിന്‍ വാലറ്റുകളുംവരെയുണ്ട്. എന്നാല്‍ ഈ അക്കൗണ്ടുകള്‍ നിയന്ത്രിക്കപ്പെടുന്നത് മനുഷ്യനാല്‍ അല്ലെന്നും സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാണെന്നും ഹോഹെ മേധാവി വ്യക്തമാക്കി. അഡ്വാന്‍സ്ഡ് ഇംപാക്ട് മീഡിയ സൊല്യൂഷന്‍സ് എന്ന അത്യാധുനിക സോഫ്റ്റ് വെയര്‍ പാക്കേജാണ് ഹോഹേ ടീം ഇതിനായി ഉപയോഗിക്കുന്നതെന്ന്‌ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയടക്കം വിവിധ ഭരണകൂടങ്ങള്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്ന ഇസ്രായേലി ചാര സോഫ്റ്റ് വെയര്‍ പെഗാസസിന് പിന്നാലെ ഇസ്രായേലി ടീം ഹോഹെയും വലിയ ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News